സൗദി അറേബ്യയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന മലയാളി പ്രൊഫസർ അൻരൂപ് ബാലചന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 14 വർഷമായി ഫാർമസി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ പ്രമുഖ യൂണിവേഴ്സിറ്റി അധ്യാപകനും ഗവേഷകനുമായിരുന്ന മലയാളി പ്രൊഫസർ അൻരൂപ് ബാലചന്ദ്രൻ (52) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിലെ കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിയമനടപടികൾക്ക് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലർച്ചെയുള്ള ദമ്മാം - തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. ഭൗതികശരീരം അദ്ദേഹത്തിെൻറ കുടുംബ വസതിയിൽ സംസ്കരിക്കും. അൽ ഹസ്സയിലെ ദോസ്തി ഇൻറർനാഷണൽ സ്കൂൾ അധ്യാപികയായ ഭാര്യ ചിത്ര മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 14 വർഷമായി അൽ ഹസ്സയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഫാർമസി വിഭാഗം പ്രഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് സൗദി സർക്കാർ അദ്ദേഹത്തിന് ആദരവായി ‘പ്രീമിയം ഇഖാമ’ അനുവദിച്ചിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും പൊലീസ് അധികൃതരുടെയും സഹകരണത്തോടെ ചൊവ്വാഴ്ച രാവിലെയോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്. പ്രൊഫ. അൻരൂപ് ബാലചന്ദ്രന്‍റെ നിര്യാണത്തിൽ ഒഐസിസി അൽ അഹ്സ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.