ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് അടച്ചിട്ടിരുന്ന കുവൈത്തിലെ യുഎസ് എംബസി മൂന്ന് മാസത്തിന് ശേഷം പ്രവർത്തനം പുനരാരംഭിച്ചു. നയതന്ത്ര പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും പൗരന്മാർക്കുള്ള അടിയന്തര സേവനങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
കുവൈത്ത് സിറ്റി: ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് അടച്ചുപൂട്ടിയിരുന്ന കുവൈത്തിലെ അമേരിക്കൻ എംബസി മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന നയതന്ത്ര പ്രവർത്തനങ്ങൾ ജൂൺ 24 അർദ്ധരാത്രി മുതൽ പുനരാരംഭിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. എംബസി വഴി അമേരിക്കൻ പൗരന്മാർക്കുള്ള അടിയന്തര സേവനങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും മറ്റ് സേവനങ്ങൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്നും വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് മാസത്തിന്റെ തുടക്കത്തിലായിരുന്നു ഇറാൻ ആക്രമണങ്ങളെത്തുടർന്ന് കുവൈത്തിലെ എംബസി പ്രവർത്തനങ്ങൾ അമേരിക്ക നിർത്തിവെച്ചിരുന്നത്.
എംബസിയിൽ വീണ്ടും അമേരിക്കൻ ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ അമേരിക്കൻ പതാക കുവൈറ്റ് സിറ്റിക്ക് മുകളിൽ വീണ്ടും അഭിമാനത്തോടെ പറക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കുവൈറ്റ് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണെന്നും എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ യുഎസ് എംബസിയിലെ താത്കാലിക ചാർജ് ഡി അഫയേഴ്‌സ് സ്റ്റീവൻ ബട്ട്‌ലറും വിദേശകാര്യ സെക്രട്ടറിക്കൊപ്പം പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു.


