എത്ര യുദ്ധവിമാനങ്ങളാണ് ഇപ്പോള്‍ യുഎഇയിലേക്ക് അയച്ചതെന്ന് അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആറ് എഫ് - 22 വിമാനങ്ങള്‍ യുഎഇയിലേക്ക് പുറപ്പെടുന്ന ചിത്രങ്ങള്‍ യു.എസ് വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. 

അബുദാബി: യുഎഇക്ക് (UAE) നേരെയുള്ള ഹൂതികളുടെ ആക്രമണ (Houthi attack) ഭീഷണി ചെറുക്കുന്നതിന് പിന്തുണയുമായി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ (US Fughter jets) അബുദാബിയിലെത്തി. ശനിയാഴ്‍ചയാണ് ആറ് എഫ് -22 യുദ്ധവിമാനങ്ങള്‍ (F-22 fighter jets) വിര്‍ജീനിയയിലെ യു.എസ് എയര്‍ഫോഴ്‍സ് ബേസില്‍ (US Air Force Base in Virginia) നിന്ന് അബുദാബിയിലെ അല്‍ ദഫ്റ വ്യോമ താവളത്തിലെത്തിയത് (Al-Dhafra Air Base). യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ (Houthi Rebels) ആക്രമണം പ്രതിരോധിക്കാന്‍ യുഎഇക്ക് പിന്തുണ നല്‍കുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അബുദാബിയിലെ അല്‍ ദഫ്റ എയര്‍ ബേസില്‍ നിലവില്‍ രണ്ടായിരം അമേരിക്കന്‍ സൈനികരാണുള്ളത്. എത്ര യുദ്ധവിമാനങ്ങളാണ് ഇപ്പോള്‍ യുഎഇയിലേക്ക് അയച്ചതെന്ന് അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആറ് എഫ് - 22 വിമാനങ്ങള്‍ യുഎഇയിലേക്ക് പുറപ്പെടുന്ന ചിത്രങ്ങള്‍ യു.എസ് വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിന് ഇപ്പോള്‍ തന്നെ ശക്തമായ സംവിധാനങ്ങളുള്ള യുഎഇ വ്യോമ സേനയ്‍ക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ വ്യോമസേനയുടെ മിഡില്‍ ഈസ്റ്റ് കമാണ്ടര്‍ പ്രസ്‍താവനയിലൂടെ അറിയിച്ചു. 

യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അമേരിക്കന്‍ യുദ്ധക്കപ്പല്‍ യുഎസ്എസ് കോള്‍ യുഎഇയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ അബുദാബിയില്‍ നങ്കൂരമിട്ടിരിക്കുന്ന ഈ അത്യാധുനിക യുദ്ധക്കപ്പല്‍ യുഎഇ നാവിക സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രഹസ്യാന്വേഷണ, മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്ക് പുറമെ വ്യോമ പ്രതിരോധത്തിന് ആവശ്യമായ പിന്തുണയും ഈ യുദ്ധക്കപ്പല്‍ ഒരുക്കും. യുഎഇയുമായി അമേരിക്കയ്‍ക്കുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഈ സൈനിക സഹകരണത്തിലൂടെ വ്യക്തമാവുന്നതെന്നും പ്രസ്‍താവനയില്‍ പറയുന്നു.