സൗദിയെയും ഇന്ത്യയെയും കൂടാതെ കുവൈത്ത്, ഖത്തർ, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാകിസ്താൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, കാനഡ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചവരിലുണ്ട്. 

റിയാദ്: സൗദി അറേബ്യ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചവരിൽ ഇന്ത്യാക്കാരും. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഒഴിപ്പിച്ച വിവിധ രാജ്യക്കാരെയും വഹിച്ചുകൊണ്ടുള്ള കപ്പലുകൾ ജിദ്ദയിലെത്തി. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ആദ്യ കപ്പൽ ജിദ്ദ തുറമുഖത്തെത്തിയത്. 50 സൗദി പൗരന്മാരും മറ്റ് വിവിധ രാജ്യക്കാരുമാണ് ആ കപ്പിലുണ്ടായിരുന്നത്. തുടർന്നും നിരവധി കപ്പലുകളെത്തി. രക്ഷപ്പെട്ടെത്തിയവരിൽ ഇന്ത്യാക്കാരും ഉണ്ട്. 

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമദ് ബിൻ സൽമാന്റെയും ഉത്തരവിനെ തുടർന്ന് സ്വന്തം പൗരന്മാരെയും സഹോദര സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ആളുകളെയും കൊണ്ട് കൂടുതൽ കപ്പലുകൾ ജിദ്ദയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നയതന്ത്രജ്ഞരും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി സഹോദര-സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരും റോയൽ സൗദി നേവൽ ഫോഴ്‌സ് നടത്തിയ ഒഴിപ്പിക്കലിലൂടെ ജിദ്ദയിലെത്തിയതായാണ് വിവരം. 

ഖർതൂം വിമാനത്താവളത്തിൽ ആക്രമിക്കപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലെ ജീവനക്കാരും എത്തിയവരുടെ കൂട്ടത്തിലുണ്ട്. ഇതുവരെ 91 സൗദി പൗരന്മാരെയും വിവിധ രാജ്യക്കാരായ ഏകദേശം 66 ആളുകളെയും സൗദിയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയെയും ഇന്ത്യയെയും കൂടാതെ കുവൈത്ത്, ഖത്തർ, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാകിസ്താൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, കാനഡ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചവരിലുണ്ട്. സ്ത്രീകളും കുട്ടികളും ഇവരില്‍ ഉള്‍പ്പെടുന്നു. 

കപ്പലിലെത്തിയവരെ സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ് അൽഖുറൈജ് സ്വീകരിച്ചു. സുരക്ഷിതമായി ജിദ്ദയിലെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം അവർ പ്രകടിപ്പിച്ചു. ജിദ്ദയിലെത്തിയ വിദേശ പൗരന്മാർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അതത് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രാസൗകര്യങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ.

Read also: മകന്റെ വിവാഹത്തിന് നാട്ടിൽ പോയ ജിദ്ദയിലെ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു