എല്ലാവരുടെയും വേദനയായ വേര്‍പാടില്‍ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ഒമാന്‍ സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു.

മസ്‍കത്ത്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഒമാൻ സോഷ്യൽ ഫോറം ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം രാഷ്ട്രീയത്തിന്റെ നായകനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്നു അദ്ദേഹം.

ലാളിത്യവും സൗമ്യതയും കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു. എല്ലാവരുടെയും വേദനയായ വേര്‍പാടില്‍ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു.

മനുഷ്യനെന്ന ഒറ്റ മതത്തെ സ്നേഹിച്ച തങ്ങൾ - മസ്‍കത്ത് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ്
മസ്‍കത്ത്: എല്ലാ മനുഷ്യരെയും ഒറ്റ മതമായി കാണുകയും എല്ലാവരെയും ഒരു പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത മഹാമനസ്കനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് ത്നങ്ങളെന്നു മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് മുഖ്യ രക്ഷാധികാരി ഉമ്മർ എരമംഗലവും പ്രസിഡണ്ട് റെജി .കെ.തോമസും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ അദ്ധ്യക്ഷൻ ആയിരിക്കുമ്പോഴും രാഷ്ട്രീയ എതിരാളികളെ തിരഞ്ഞടുപ്പ് സമയത്തു പോലും വ്യക്തിപരമായി അധിക്ഷേപിക്കാനോ എതിർക്കാനോ നിൽക്കാത്ത മഹത് വ്യക്തിത്വം ആയിരുന്നു ത്നങ്ങൾ . ആളുകൾ പരസ്‍പരം കലഹിക്കുന്ന ഈ കാലഘട്ടത്തിൽ ശാന്തിക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട തങ്ങളുടെ ശബ്ദത്തിനായി സമൂഹം കാതോർത്തിരുന്നു എന്നതാണ് യാഥാർഥ്യം. 

തങ്ങളുടെ നിര്യാണം അതുകൊണ്ടു തന്നെ എല്ലാ മനുഷ്യ സ്നേഹികൾക്കും തീരാ വേദന ഉണ്ടാക്കുന്ന ഒന്നാണെന്നും സ്നേഹത്തിന്റെയും, ആതിഥ്യ മര്യാദയുടെയും സൗമനസ്യത്തിന്റെയും സംശുദ്ധ രാഷ്ട്രീയത്തിന്റെയും പ്രതീകമായ തങ്ങളുടെ നിര്യണത്തിലുള്ള മസ്‍കത്ത് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ ദുഃഖം അദ്ദേഹത്തിന്റെ കുടുംബത്തെയും മുസ്ലിം ലീഗ് സംഘടനാ നേതാക്കളെയും അറിയിക്കുന്നതായി ഉമ്മർ എരമംഗലവും റെജി .കെ.തോമസും അനുശോചന കുറിപ്പിൽ പറഞ്ഞു

ലീഗിനെ നയിക്കാൻ സാദിഖലി ശിഹാബ് തങ്ങൾ; സംസ്ഥാന അധ്യക്ഷനായി ഏകകണ്ഠ തീരുമാനം

മലപ്പുറം: മുസ്ലിം ലീഗിനെ(muslim league) ഇനി സാദിഖലി ശിഹാബ് തങ്ങൾ (sadhiq Ali shihab thangal)നയിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളെ തീരുമാനിച്ചു. പണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോ​ഗം ആണ് തീരുമാനമെടുത്തത്. പ്രതീക്ഷിച്ചിരുന്ന പോലെ തന്നെയാണ് തീരുമാനം. സാദിഖലി ശിഹാബ് തങ്ങളെ പ്രിസിഡന്റായി തീരുമാനിച്ച പ്രഖ്യാപനം ഖാദർ മൊയ്തീൻ ആണ് നടത്തിയത്. ഏകകണ്ഠമായിട്ടായിരുന്നു തീരുമാനമെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു. 

മുസ്ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് സാദിഖലി ശിഹാബ് തങ്ങളെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അസുഖ ബാധിതനായി പ്രവർത്തനപഥത്തിൽ നിന്ന് മാറി നിന്ന സമയം മുതൽ സാദിഖലി ശിഹാബ് തങ്ങളാണ് ആ സ്ഥാനം താൽകാലികമായി വഹിച്ചിരുന്നത്. മുസ്ലിം ലീ​ഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാനായും സാദിഖലി തങ്ങൾ പ്രവർത്തിക്കും.മുസ്ലീം ലീ​ഗ് ഉന്നതാധികാര സമിതി അം​ഗവും യൂത്ത് ലീ​ഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണ് സാദിഖ് അലി തങ്ങൾ 

വലിയ രാഷ്ട്രീയ പ്രതിസന്ധികളാണ് സാദിഖലി ശിഹാബ് തങ്ങളെ കാത്തിരിക്കുന്നത്. യു ഡി എഫിന്റെ ഭാ​ഗമായി നിൽക്കുമ്പോഴും ഭരണമില്ലെന്നതും അടുത്ത തെരഞ്ഞെടുപ്പും ലീ​ഗിനെ അലട്ടുന്ന കാര്യമാണ്. മുൻ​ഗാമികൾ നയിച്ച പാതയിലൂടെ മുന്നോട്ട് പോകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുൻ അധ്യക്ഷന്മാരെക്കാൾ സംഘടനാകാര്യങ്ങളിൽ കുറെകൂടി ഇടപെടുന്ന നേതാവാകും ലീഗിന്റെ പുതിയ പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 2009 മുതൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായി പ്രവർത്തിച്ചു വരികയാണ്. 

സമസ്തയുടെ പിളര്‍പ്പിന് ശേഷം 15 വര്‍ഷക്കാലം എസ് കെ എസ് എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 2000ത്തിൽ എം കെ മുനീർ സ്ഥാനമൊഴിഞ്ഞപ്പോൾ കെടി ജലീലിനെ മാറ്റി നിർത്താനായി യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സജീവ രാഷ്ട്രീയത്തിലെത്തുന്നത്.2007ൽ സ്ഥാനമൊഴിഞ്ഞു. 

2009ൽ ജ്യേഷ്ഠൻ സംസ്ഥാന അധ്യക്ഷനാകാനായി ഒഴിഞ്ഞ മലപ്പുറം ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് രണ്ടാമതൊരു പേര് ലീഗിന് ആലോചിക്കാനുണ്ടായിരുന്നില്ല. അതോടെ ഹൈദരാലി ശിഹാബ് തങ്ങളുടെ തീരുമാനങ്ങളിൽ സാദിഖലി ശിഹാബ് തങ്ങളും പങ്കാളിയായി . ഉന്നതാധികാരസമിതിയിൽ കുഞ്ഞാലിക്കുട്ടിക്കും കെ പി എ മജീദിനുമൊപ്പം നിർണ്ണായക ശബ്ദമായി. 

രാജ്യസഭാ സീറ്റ് നിർണ്ണയമടക്കം ഹൈദരലി തങ്ങളെടുത്ത പല സുപ്രധാന തീരുമാനങ്ങൾക്കു പിന്നിൽ ,സാദിഖലി തങ്ങളുടെ താല്പര്യങ്ങളും ഉണ്ടായിരുന്നു.അതോടെ ലീ​ഗിനകത്ത് പുതിയ അധികാര കേന്ദ്രമായി സാദിഖലി തങ്ങൾ മാറി. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവ‍ർ സാദിഖലിയുമായി കൂടുതലടുത്തുവെങ്കിലും ആരെയും പിണക്കിയില്ല അദ്ദേഹം.

സമീപകാലത്ത് ലീഗിനകത്തുണ്ടായ വിവാദങ്ങളിലൊക്കെ സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലുകളുണ്ടായിരുന്നു. ഹരിത വിവാദത്തിൽ എംഎസ്എഫ് അധ്യക്ഷൻ പി കെ നവാസ് പിടിച്ചു നിന്നത് സാദിഖലി ശിഹാബ് തങ്ങളുടെ പിന്തുണയോടെയാണ്. നവാസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചപ്പോഴുള്ള ഏതിർപ്പുകൾ തങ്ങൾ അവഗണിച്ചു. എതി‍ർത്തവ‍ർ പിന്നീട് സംഘടനയ്ക്ക് പുറത്തേക്ക് പോയി. 

പ്രളയഫണ്ട്‌ തട്ടിപ്പിനെക്കുറിച്ച്‌ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക്‌ പരാതി അയച്ച ലീഗ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയംഗം സി മമ്മിക്ക്‌ നടപടി നേരിടേണ്ടി വന്നു. മുൻഗാമികളെ അപേക്ഷിച്ച് കർക്കശക്കാരനായ സാദിഖലി ശിഹാബ് തങ്ങൾ കുറേക്കൂടി സ്വതന്ത്ര നിലപാടാകും പല കാര്യങ്ങളിലും സ്വീകരിക്കുക. തീരുമാനം തങ്ങൾക്ക് വിട്ടു എന്ന പതിവ് പല്ലവി വെറും വാക്കാവില്ലെന്നുറപ്പ്