ദുബൈ എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്റെ ഭാഗമായ വേദാന്ത, പ്രധാനമന്ത്രിയുടെ കാഴ്‍ചപ്പാടുകള്‍ക്ക് അനുസൃതമായി ഇപ്പോഴത്തെ 2.6 ട്രില്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് 2025ഓടെ അഞ്ച് ട്രില്യനിലേക്കും 2030ഓടെ പത്ത് ട്രില്യനിലേക്കുമുള്ള ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയായിരിക്കും പ്രദര്‍ശിപ്പിക്കുക.

ദുബൈ: ദുബൈയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ നാച്യുറല്‍ റിസോഴ്‍സസ് കമ്പനികളിലൊന്നായ വേദാന്ത റിസോഴ്‍സസ് കേന്ദ്ര സര്‍ക്കാറിനൊപ്പം പങ്കുചേരുന്നു. സ്വാതന്ത്ര്യലബ്‍ധിയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആറ് മാസം നീണ്ടു നില്‍ക്കുന്ന എക്സ്പോയുടെ ഇന്ത്യന്‍ പവലിയനില്‍, വേദാന്ത റിസോഴ്‍സസ് രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പാതയിലാണ് ഇന്ത്യ. നിലവിലുള്ള 2.6 ട്രില്യന്‍ ഡോളറിന്റെ സമ്പദ്‍വ്യവസ്ഥയില്‍ നിന്ന് വരും വര്‍ഷങ്ങളില്‍ അഞ്ച് ട്രില്യന്‍ സമ്പദ്‍വ്യവസ്ഥയിലേക്ക് വളരാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്‍തിരിക്കുന്നത്. ക്രമേണ ഇത് 10 ട്രില്യന്‍ ഡോളറായി വളരുകയും ചെയ്യും. അഞ്ച് ട്രില്യന്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായിരിക്കും ദുബൈ എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയന്‍ ദൃശ്യവത്കരിക്കുന്നത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപര ബദ്ധം ഉപയോഗപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശക്തവും വിജയകരവുമായ ബന്ധം കൂടുതല്‍ മികവുറ്റതാക്കുന്നതിനായി സാമ്പത്തിക ലക്ഷ്യങ്ങള്‍ ദൃഢീകരിക്കുന്നതിലൂടെയും മാനവ വിഭവ ശേഷി പരിപോഷിപ്പിക്കുന്നതിലൂടെയുമാണ് ഇത് സാധ്യക്കുന്നത്.

ദുബൈ എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്റെ ഭാഗമായ വേദാന്ത, പ്രധാനമന്ത്രിയുടെ കാഴ്‍ചപ്പാടുകള്‍ക്ക് അനുസൃതമായി ഇപ്പോഴത്തെ 2.6 ട്രില്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് 2025ഓടെ അഞ്ച് ട്രില്യനിലേക്കും 2030ഓടെ പത്ത് ട്രില്യനിലേക്കുമുള്ള ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയായിരിക്കും പ്രദര്‍ശിപ്പിക്കുക.

'ഇന്ത്യയില്‍ നിക്ഷേപം നടത്തുക എന്നതാണ് എന്റെ സന്ദേശം', ദുബൈ എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയനില്‍ ആദ്യ നിക്ഷേപകരിലൊരാളായ വേദാന്തയുടെ സ്ഥാപക ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍, സര്‍ക്കാറുമായുള്ള സഹകരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. 'ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള സമയമാണിത്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചൈന ആയിരുന്നത് പോലെ, അടുത്ത 25 വര്‍ഷം ലോക സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചാ യന്ത്രമായിരിക്കും ഇന്ത്യ. ഒരു വലിയ വിപണിയെന്നതിനപ്പുറം, വലിയ മാനവ വിഭവ ശേഷിയുടെ തലസ്ഥാനം കൂടിയാണ് ഇന്ത്യ. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ശക്തമായ പരിഷ്‍കരണങ്ങളിലൂടെയുള്ള സ്വാശ്രയത്വം ഇന്ത്യയുടെ അവസരങ്ങളിലേക്കുള്ള വളര്‍ച്ചയുടെ വഴിയാണ്. സാംസ്‍കാരിക, വ്യാപാര മേഖലകളില്‍ സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യയ്‍ക്കും യുഎഇക്കുമുള്ളത്. പരസ്‍പരം പങ്കുവെയ്‍ക്കാനും വാഗ്ദാനം ചെയ്യാനും ഇരു രാജ്യങ്ങള്‍ക്കും ഏറെയുണ്ട്. ഏഷ്യയെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റാനും 21-ാം നൂറ്റാണ്ടില്‍ ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്‍ക്ക് വഴി തെളിക്കാനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ശക്തമായ സഹകരണം കൊണ്ട് സാധിക്കും'.

എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയന്‍
ഇന്ത്യയുടെ പ്രൗഢമായ സംസ്‍കാരവും ആഗോള സാമ്പത്തിക ഹബ്ബ് എന്ന നിലയില്‍ ആഭ്യന്തര, അന്താരാഷ്‍ട്ര നിക്ഷേപകര്‍ക്ക് മുന്നില്‍ തുറന്നുവെയ്‍ക്കുന്ന അവസരങ്ങളും സാധ്യതകളുമാണ് സാങ്കേതിക തികവോടെ ഇന്ത്യന്‍ പവലിയനില്‍ അവതരിപ്പിക്കുക. നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അവയുടെ സാംസ്‍കാരിക പൈതൃകവും പാരമ്പര്യവും വ്യവസായ സാധ്യതകളും എക്സ്പോയില്‍ അവതരിപ്പിക്കും. രാജ്യത്തെ പ്രധാന കോര്‍പറേറ്റ് ഗ്രൂപ്പുകളും പൊതുമേഖലാ കമ്പനികളും ഇതില്‍ പങ്കാളികളാവും. മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, സെലിബ്രിറ്റികള്‍ തുടങ്ങിവരെല്ലാം ആറ് മാസം നീണ്ടുനില്‍ക്കുന്ന എക്സ്പോ വേദി സന്ദര്‍ശിക്കും. നിരവധി സാംസ്‍കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.