ദുബായി: ആയിരകണക്കിന് കുരുന്നുകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വിദ്യാരംഭം കുറിച്ചത്. വിവിധ സംഘടനകളുടെയും സാസ്കാരിക കൂട്ടായ്മകളുടെയും  നേതൃത്വത്തിലായിരുന്നു എഴുത്തിനിരുത്ത് ചടങ്ങുകള്‍. മാതാപിതാക്കളോടൊപ്പം പുലര്‍ച്ചെ മുതല്‍ തന്നെ  കുഞ്ഞു കുട്ടികള്‍  അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുവാൻ ജിസിസിയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിന്‍റെ ഭാഗമായി.

പലയിടങ്ങളിലും നാട്ടിലേതിനു സമാനമായി നല്ല തിരക്കാണ് അനുഭവപ്പെട്ടത്.  പ്രത്യേകമായി  ക്രമീകരിച്ചിട്ടുള്ള അക്ഷര തളികയിൽ , ഗുരുക്കൻമാർ  പരമ്പരാഗത രീതിയിൽ തന്നെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം കുറിച്ചു . തമിഴ് , ഹിന്ദി , സംസ്‌കൃതം തുടങ്ങിയ ഭാഷയിലും കുട്ടികളെ എഴുത്തിനു ഇരുത്തുവാനുള്ള ക്രമീകരണങ്ങളും  സംഘാടകർ ഒരുക്കിയിരുന്നു. 

പലയിടങ്ങളിലും കേരളത്തിലെ ആദരണീയരായ വ്യക്തിത്വങ്ങള്‍ എഴുത്തിനിരുത്ത് ചടങ്ങില്‍ എത്തി. ചില വിരുതന്മാര്‍ അലറിവിളിച്ച് കരഞ്ഞപ്പോള്‍ മറ്റു ചിലര്‍ അച്ചടക്കത്തോടെ ഗുരുനാഥന്മാരുടെ മടിയില്‍കയറിയിരുന്ന് ആവേശത്തോടെ എഴുതുകയും ചെയ്തു. അങ്ങനെ രസകരമായ കാഴ്ചയാണ് എഴുത്തിനിരുത്ത് കേന്ദ്രങ്ങളില്‍ കണ്ടത്.

പ്രവാസലോകത്ത് വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചതിനാല്‍ പല കുടുംബങ്ങളും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി ഭീമമായ വിമാനയാത്രാനിരക്കില്‍ നിന്നും രക്ഷപ്പെട്ടു. നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കുള്ളയാത്രാ നിരക്ക് താരതമ്യേന കുറഞ്ഞതിനാല്‍ മുത്തശ്ശനേയും മുത്തശ്ശിമാരേയും ചടങ്ങിന്‍റെ ഭാഗമാകാന്‍ ഗള്‍ഫിലേക്കെത്തിച്ചവരും കുറവല്ല.