പരമ്പരാഗത എമിറാത്തി വസ്ത്രം ധരിച്ച് ദുബായിലെ ഒരു പള്ളിയിൽ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കുന്ന 'ബു സുനൈദ' എന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ സംഭവം സാങ്കേതികവിദ്യയുടെ വളർച്ചയെ പ്രശംസിക്കുന്നവരെയും, മതപരമായ ചടങ്ങുകളിലെ ഇത്തരം ഇടപെടലുകളെ വിമർശിക്കുന്നവരെയും തമ്മിൽ ഒരു പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ദുബായ്: പരമ്പരാഗത എമിറാത്തി വസ്ത്രമായ കന്തൂറയും ശെമാഗും അണിഞ്ഞ് ദുബായിലെ പള്ളിയിൽ വിശ്വാസികൾക്കൊപ്പം വരിവരിയായി നിന്ന് പെരുന്നാൾ നമസ്കാരം നിർവ്വഹിക്കുന്ന ഒരാൾ! സൂക്ഷിച്ചു നോക്കിയപ്പോഴാണ് ചുറ്റുമുള്ളവർ പോലും ഞെട്ടിയത്, അത് മനുഷ്യനല്ല... ഒരു റോബോട്ടാണ്!
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് 'ബു സുനൈദ' എന്ന ഈ ഹ്യൂമനോയിഡ് റോബോട്ട്. പള്ളിയിൽ വിശ്വാസികൾക്കൊപ്പം പെരുന്നാൾ നമസ്കാരം നിർവ്വഹിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്. യുഎഇയിൽ ഇതിനകം തന്നെ ഏറെ പ്രശസ്തനായ 'ബു സുനൈദ' എന്ന റോബോട്ടാണ് ഈ പെരുന്നാൾ കാലത്തെ ഏറ്റവും വലിയ ചർച്ചാവിഷയം. ചൈനീസ് കമ്പനിയായ യൂണിട്രീയുടെ 'ജി1 ഹ്യൂമനോയിഡ്' മോഡൽ റോബോട്ടിന് യുഎഇയിൽ നൽകിയിരിക്കുന്ന പ്രാദേശിക പേരാണ് ബു സുനൈദ.
ബു സുനൈദയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. "അല്ലാഹു നിങ്ങളുടെ നല്ല കർമ്മങ്ങൾ സ്വീകരിക്കട്ടെ, ഈദ് മുബാറക്. ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടികൾക്കായി ഈ വിദ്യാഭ്യാസപരമായ ഉള്ളടക്കം സമർപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഒരു ആഡംബര എസ്‌യുവി കാറിൽ നിന്നും മനുഷ്യരെപ്പോലെ ഇറങ്ങി വരുന്ന റോബോട്ട്, പള്ളിക്കുള്ളിലേക്ക് നടന്നു നീങ്ങുന്നതാണ് വീഡിയോയുടെ തുടക്കം. തുടർന്ന് പള്ളിക്കുള്ളിൽ സ്വദേശികളും വിദേശികളുമായ മറ്റ് വിശ്വാസികൾക്കൊപ്പം വരിയായി നിന്ന്, നമസ്‌കാരത്തിന്റെ ഓരോ ചലനങ്ങളും ഈ റോബോട്ട് കൃത്യമായി അനുകരിക്കുന്നത് വീഡിയോയിൽ കാണാം. 'ട്രാവൽ ബസ് യുഎഇ' പോലുള്ള പ്രമുഖ പേജുകൾ ഈ വീഡിയോ റീഷെയർ ചെയ്തതോടെ ഇത് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി യുഎഇയിലെ തെരുവുകളിലും പൊതുപരിപാടികളിലും സ്ഥിരം സാന്നിധ്യമാണ് ബു സുനൈദ. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനൊപ്പം എമിറേറ്റ്സ് ടവറിന് സമീപം പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ റോബോട്ട് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. ഈ മാസം ആദ്യം അബുദാബിയിൽ നടന്ന 'മേയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026' ഫോറത്തിലും ബു സുനൈദ പ്രധാന ആകർഷണമായിരുന്നു. അത്യാധുനിക സാങ്കേതികവിദ്യയെ ഗൾഫിന്റെ സാംസ്കാരിക തനിമയുമായി സമന്വയിപ്പിച്ച് ഈ റോബോട്ടിനെ നിയന്ത്രിക്കുന്ന കമ്പനി ഇതിനകം വലിയൊരു ഫോളോവേഴ്സിനെയാണ് സോഷ്യൽ മീഡിയയിൽ സ്വന്തമാക്കിയിട്ടുള്ളത്.
വീഡിയോ വൈറലായതോടെ നെറ്റിസൺസ് ചേരിതിരിഞ്ഞ് തർക്കവുമായി. സാങ്കേതികവിദ്യയുടെയും സംസ്‌കാരത്തിന്‍റെയും മനോഹരമായ ഒത്തുചേരലായി ഒരുവിഭാഗം ഇതിനെ പ്രശംസിക്കുമ്പോൾ, വിശുദ്ധമായ പ്രാർത്ഥനാ ചടങ്ങുകളെ ഇത്തരം 'ടെക് സ്റ്റണ്ടുകൾ' വഴി തരംതാഴ്ത്തരുതെന്ന കടുത്ത വിമർശനവുമായി മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ് ഈ വീഡിയോ.


