വിമാനത്തിലെ ജീവനക്കാരി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 1.6 കോടി ആളുകളാണ് വീഡിയോ കണ്ടത്. 

ജയ്പൂർ: എയര്‍ കണ്ടീഷനിങ് ഇല്ലാതെ, അസഹനീയമായ ചൂടില്‍ മണിക്കൂറുകളോളം വിമാനത്തിലിരുന്ന് അവശരായി യാത്രക്കാര്‍. വിമാനം പുറപ്പെടാൻ വൈകിയതോടെ അഞ്ച് മണിക്കൂറിലേറെയാണ് ഇവര്‍ വിമാനത്തില്‍ ഇരുന്നത്. നിരന്തരം സഹായം അഭ്യര്‍ത്ഥിച്ചിട്ടും ജീവനക്കാരില്‍ ആരും എത്തിയില്ലെന്ന് യാത്രക്കാരിലൊരാള്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ദുബൈ-ജയ്പൂർ വിമാനത്തിലാണ് സംഭവം ഉണ്ടായത്.

വിമാനത്തിലെ യാത്രക്കാരി കൂടിയായ, കണ്ടന്‍ ക്രിയേറ്റര്‍ ആര്‍സൂ സേതിയാണ് വിമാനത്തിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. വിമാനം അഞ്ച് മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. അസഹനീയമായ ചൂട് സഹിച്ച് യാത്രക്കാര്‍ വിമാനത്തിലിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.അഞ്ച് മണിക്കൂറിലേറെയായാണ് തങ്ങള്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ Ix196 വിമാനത്തില്‍ കാത്തിരിക്കുന്നതെന്നു യാത്രക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടും ജീവനക്കാര്‍ പ്രതികരിക്കുന്നില്ലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. തന്‍റെ മൂന്ന് വയസ്സുകാരനായ മകന്‍ ചൂട് സഹിക്കാനാകാതെ വിയര്‍ത്ത് കുളിച്ച് തളര്‍ന്ന് ഉറങ്ങുന്നതായും അവര്‍ വീഡിയോയില്‍ പറയുന്നു. യാത്രക്കാര്‍ നിരവധി തവണ സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് കോള്‍ ബട്ടണുകള്‍ അമര്‍ത്തിയെങ്കിലും ജീവനക്കാരിലൊരാള്‍ പോലും എത്തിയില്ലെന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും വീഡിയോയില്‍ ആര്‍സൂ പറയുന്നു.

യാത്രക്കാരെല്ലാം വിയര്‍ത്ത് കുളിച്ചാണ് വിമാനത്തില്‍ ഇരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയില്ലെന്നും അവര്‍ പറയുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിനെ ടാഗ് ചെയ്ത് യാത്രക്കാരി പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇത് വളരെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും നിങ്ങളുടെ യാത്രക്കാരുടെ ക്ഷേമത്തിന്‍റെ ഉത്തരവാദിത്തം, വളരെ വൈകിപ്പോകുന്നതിലും മുമ്പ് ഏറ്റെടുക്കണമെന്നും അവര്‍ കുറിച്ചു. സോഷ്യൽ മീഡിയയില്‍ 1.6 കോടി പേരാണ് വീഡിയോ കണ്ടത്. ഇത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചത്.

View post on Instagram