മനാമ: ബഹ്റൈനില്‍ വിസാ കാലാവധി നീട്ടിയത് ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്ക് ബാധകമല്ലെന്ന് ബഹ്‌റൈന്‍ നാഷനാലിറ്റി
പാസ്‌പോര്‍ട്‌സ് ആന്റ് റെഡിഡന്‍സ് അഫേഴ്‌സ് (എന്‍.പി.ആര്‍.എ) അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എൻ.പി.ആർ.എ അധികൃതർ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു. അതേ സമയം അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലുള്ള പ്രവാസികള്‍. 

കാലാവധി തീര്‍ന്നതോ റദ്ദായതോ ആയ റെസിഡന്റ് പെര്‍മിന്റുകളുടെ കാലാവധി ഈ വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചിരുന്നു.
നിലവില്‍ ബഹ്‌റൈനിലുളളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. വിസാ കാലാവധി കഴിഞ്ഞവര്‍ ബഹ്‌റൈനിന്
പുറത്താണെങ്കില്‍ റെസിഡന്റ് പെര്‍മിറ്റ് പുതുക്കാനാവില്ലെന്ന് എന്‍.പി.ആര്‍.എ അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍
തുടങ്ങിയാല്‍ സന്ദര്‍ശക വിസക്ക് അപേക്ഷിച്ച് രാജ്യത്തെത്തി റെസിഡന്റ് പെര്‍മിറ്റ് പുതുക്കാമെന്നാണ് അധികൃതരുടെ മറുപടി. 

സ്‌പോണ്‍സര്‍ക്ക് തന്നെ സന്ദര്‍ശക വിസക്കുളള അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കി
നാട്ടിലുളളവരുടെ കൂടി റെസിഡന്റ് പെര്‍മിറ്റ് നീട്ടാനുളള ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ അനുകൂലമായ
തീരുമാനം പ്രതീക്ഷിക്കുകയാണ് പ്രവാസികള്‍. അപേക്ഷയോ ഫീസോ ഇല്ലാതെ തന്നെ ബഹ്‌റൈനിലുളള വിദേശികളുടെ റെസിഡന്റ്
പെര്‍മിറ്റ് ഡിസംബര്‍ വരെയാണ് നീട്ടിയുളളത്. സന്ദര്‍ശക വിസകളുടെ കാലാവധി സൗജന്യമായി മൂന്ന് മാസത്തേക്കും നീട്ടിയിട്ടുണ്ട്.