തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ വിലയിരുത്തിയ ഡിഎംകെ സമിതികൾ നേതൃത്വത്തിന് റിപ്പോർട്ട് നൽകി. നേതാക്കളുടെ ധാർഷ്ട്യം, വിഭാഗീയത, താഴെത്തട്ടിലെ പ്രവർത്തകരെ അവഗണിച്ചത് എന്നിവയാണ് പ്രധാന പരാജയ കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പ്രൊഫഷണൽ ഏജൻസികളെ അമിതമായി ആശ്രയിച്ചതും തിരിച്ചടിയായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് പഠിച്ച വിവിധ ഡിഎംകെ പാർട്ടി സമിതികൾ നേതൃത്വത്തിന് റിപ്പോർട്ട് നൽകി. നേതാക്കളുടെ ധാർഷ്ട്യം, പാർട്ടിയിലെ വിഭാഗീയത, താഴെത്തട്ടിലെ പ്രവർത്തകരെ അവഗണിച്ചുള്ള തീരുമാനം എന്നിവയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളിൽ നിന്നും സ്വന്തം അണികളിൽ നിന്നും പാർട്ടി അകന്നുപോയതാണ് ദ്രാവിഡ മുന്നേറ്റ കഴകത്തിന് വലിയ തിരിച്ചടിയായതെന്ന് സമിതികൾ വിലയിരുത്തുന്നു.
പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഏകാധിപതികളായി മാറിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. താഴെത്തട്ടിലുള്ള സാധാരണക്കാരായ പ്രവർത്തകരുടെ അഭിപ്രായങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടു. അണികൾക്ക് പാർട്ടിയിൽ 'പുല്ലുവില' മാത്രമാണ് കൽപിക്കപ്പെട്ടിരുന്നത്. ഇത് പാർട്ടിക്കായി ആത്മാർത്ഥമായി രംഗത്തിറങ്ങുന്നതിൽ നിന്ന് പ്രവർത്തകരെ പിന്നോട്ടടിച്ചു. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള രാഷ്ട്രീയ നേതാക്കൾക്ക് പകരം സർക്കാർ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്കാണ് പാർട്ടി ഭരണത്തിൽ പ്രാധാന്യം നൽകിയത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാൻ നിയോഗിച്ച പ്രൊഫഷണൽ ഏജൻസികളുടെ അഭിപ്രായങ്ങളെ മാത്രം ആശ്രയിച്ചതും വിനയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡിഎംകെ നിയോഗിച്ച വ്യത്യസ്ത തെരഞ്ഞെടുപ്പ് ഏജൻസികൾ പരസ്പരവിരുദ്ധവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ നിർദ്ദേശങ്ങളാണ് നൽകിയത്. ഇത് കൃത്യമായ തന്ത്രത്തോടെ മുന്നോട്ടുപോകാൻ പാർട്ടിയെ അനുവദിച്ചില്ല. നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവർക്ക് ജനപിന്തുണ വർധിക്കുന്നുണ്ടെന്നും പാർട്ടി വൃത്തങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നേതൃത്വം ഇത് ഗൗരവത്തിലെടുക്കാതെ തള്ളിക്കളഞ്ഞു. മുന്നണിയിലെ സഖ്യകക്ഷികൾക്കിടയിൽ ഉണ്ടായ അസ്വാരസ്യങ്ങളും നിസ്സഹകരണവും വോട്ടുകൾ ചോരുന്നതിനും കനത്ത പരാജയത്തിലേക്കും വഴിതെളിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


