മസ്‍കത്ത്: ഒമാനില്‍ ഇപ്പോള്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യം വിടാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാനാവുമെന്ന് റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച് 'ഒമാന്‍ ഒബ്സര്‍വര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. താമസ വിസയുള്ള പ്രവാസികളുടെ, ഇപ്പോള്‍ ഒമാനിലുള്ള കുടുംബാംഗങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

"ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തുനിന്ന് പുറത്തുപോകാതെ സന്ദര്‍ശക വിസകള്‍, ഫാമിലി വിസയാക്കി മാറ്റാം. ഇതിനുള്ള അപേക്ഷകള്‍ നേരിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‍പോര്‍ട്ട് ആന്റ് റെസിഡന്‍സിന് സമര്‍പ്പിക്കാം". ഒമാനില്‍ സ്ഥിരതാമസക്കാരനായ പ്രവാസിയുടെ ഭാര്യയ്ക്കും നിശ്ചിത പ്രായം വരെ മക്കള്‍ക്കുമാണ് ഇത്തരത്തില്‍ വിസ മാറ്റി നല്‍കുന്നത്. സ്‍പോണ്‍സറില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഉള്ള അംഗീകാരം ഇതിന് ആവശ്യമാണ്. കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 300 ഒമാനി റിയാലാണ്. ഇതിനുപുറമെ വാടക കരാറും ബാങ്ക് സാലറി സ്റ്റേറ്റ്മെന്റും അടക്കമുള്ള രേഖകളും ഹാജരാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.