പുതിയ സര്‍വീസ് ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍. മുംബൈയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചുമാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക.

പുതിയ സര്‍വീസ് ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എ321 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളാണ് ഉണ്ടാകുക. 30,599 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്ന 50-ാമത് വിമാനത്താവളമാണ് ദോഹ. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ, സൗദി അറേബ്യയിലെ ദമാം, ജിദ്ദ, ഒമാനിലെ മസ്‌കത്ത് എന്നിവിടങ്ങളിലേക്കും നിലവില്‍ വിസ്താര എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളാണിവ. 

Read Also -  വിമാന ടിക്കറ്റെടുക്കാൻ ഇതാണ് ബെസ്റ്റ് ടൈം! കിടുക്കൻ ഓഫറുകൾ, 30 ശതമാനം വരെ ഇളവുമായി എയ‍ര്‍ ഇന്ത്യ എക്‌സ്പ്രസ്‌

കനത്ത മഴ; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഒമാന്‍ എയര്‍

മസ്‌കറ്റ്: കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +968 2453 1111 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം മിഗ്ജൗമ് ചുഴലിക്കാറ്റ് നാളെ തീരം തൊടാനിരിക്കെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിതീവ്രമഴയാണ്. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം