കേന്ദ്ര ബജറ്റില്‍ പ്രവാസികൾക്കായി മുന്‍കാലങ്ങളില്‍ പ്രവാസികൾക്കായി തുക വകയിരുത്താറുണ്ടായിരുന്നുവെങ്കില്‍, ഇത്തവണ ആ പതിവ് ലംഘിക്കപ്പെട്ടുവെന്ന് പ്രവാസി സംഘടനകൾ വിമര്‍ശിക്കുന്നു.
പ്രവാസികളെ സംബന്ധിച്ച് ഓരോ ബജറ്റും ഒരു പ്രതീക്ഷയാണ്. ജന്മനാട് എന്തെങ്കിലും കരുതി വയ്ക്കുമെന്നും തിരികെ നല്‍കുമെന്നുമുള്ള പ്രതീക്ഷ. പക്ഷേ പൊതുവെ നിരാശ മാത്രമാണ് പ്രവാസികൾക്ക് ബജറ്റുകൾ സമ്മാനിക്കാറ്. കേന്ദ്രമായാലും ശരി, കേരളമായാലും ശരി. ചെറിയ ചില പ്രഖ്യാപനങ്ങളുണ്ടെങ്കിലും ഇത്തവണത്തെ കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രവാസികൾക്ക് വലിയ ആശ്വാസം നല്‍കുന്നില്ല. സംസ്ഥാന ബജറ്റില്‍ പ്രവാസികൾക്കായി ചില പ്രഖ്യാപനങ്ങളെങ്കിലുമുണ്ട്. എന്നാല്‍ കേന്ദ്രബജറ്റ് പ്രവാസികളെ സംബന്ധിച്ച് പൂര്‍ണമായി മൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്.
കേന്ദ്ര ബജറ്റില്‍ പ്രവാസികൾക്കായി മുന്‍കാലങ്ങളില്‍ പ്രവാസികൾക്കായി തുക വകയിരുത്താറുണ്ടായിരുന്നുവെങ്കില്‍, ഇത്തവണ ആ പതിവ് ലംഘിക്കപ്പെട്ടുവെന്ന് പ്രവാസി സംഘടനകൾ വിമര്‍ശിക്കുന്നു. പ്രവാസികളുടെ ചെറിയ ആവശ്യങ്ങൾ പോലും പരിഗണിക്കപ്പെട്ടില്ല. പ്രവാസി വോട്ടവകാശം നടപ്പാക്കാന്‍ തുക നീക്കി വയ്ക്കാത്തതും നിരാശാ ജനകമാണ്
എന്നാല്‍ പ്രവാസികൾക്കായി പ്രത്യേക തുക നീക്കി വച്ചിട്ടില്ലെങ്കിലും, വിദേശകാര്യ മന്ത്രാലയത്തിനുള്ള വിഹിതം വര്‍ധിപ്പിച്ചിട്ടുള്ളതായി ബിജെപി അനുകൂല പ്രവാസ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഇതിന്‍റെ ഗുണം പ്രവാസികൾക്കായിരിക്കും പ്രധാനമായും ലഭിക്കുകയെന്നും ഇവര്‍ പറയുന്നു.
വിമാനയാത്രനിരക്കിലെ വര്‍ധന നേരിടാന്‍ പതിനഞ്ച് കോടി നീക്കി വച്ചതും, തിരികെയെത്തുന്ന പ്രവാസികൾക്ക് നൂറു തൊഴില്‍ദിനം ഉറപ്പാക്കിയതുമായിരുന്നു കേരള ബജറ്റില്‍ പ്രവാസികൾക്ക് പ്രതീക്ഷ നല്‍കിയ പ്രഖ്യാപനങ്ങൾ. എന്നാല്‍ വിമാനയാത്ര നിരക്ക് വര്‍ധന നേരിടുന്നതിന് നീക്കി വച്ച പതിനഞ്ച് കോടി രൂപ എങ്ങനെ ചെലവഴിക്കുമെന്നതില്‍ വ്യക്തതയില്ലെന്ന് സംഘടനകൾ വിമര്‍ശിക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികൾ നേരിടുന്ന യാത്രാക്കൂലി പ്രശ്നം പരിഹരിക്കാന്‍ പതിനഞ്ച് കോടി നീക്കി വച്ചത് കടലില്‍ കായം കലക്കുന്നത് പോലെയാണെന്നും ഇവര്‍ പറയുന്നു
എന്നാല്‍ തിരികെയെത്തുന്ന പ്രവാസികൾക്ക് നൂറു തൊഴില്‍ദിനങ്ങൾ ഉറപ്പ് നല്‍കുന്ന നെയിം പദ്ധതി പ്രവാസികളെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം അടച്ചിട്ട വീടുകൾക്ക് അധിക നികുതി ഈടാക്കുമെന്ന പ്രഖ്യാപനത്തെ പ്രവാസലോകം ആശങ്കയോടെയാണ് കാണുന്നത്. ഇത് ഏറ്റവും അധികം തിരിച്ചടിയാവുക പ്രവാസികൾക്കായിരിക്കും. പ്രവാസി വോട്ട്, വിമാനയാത്രക്കൂലി, പുനരധിവാസം തുടങ്ങി പലകാര്യങ്ങളിലും പ്രവാസികളുടെ കാത്തിരിപ്പ് തുടരുകയാണ്. ഈ വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകൾ പ്രവാസികൾ ആഗ്രഹിക്കുന്നുണ്ട്, അവരത് അര്‍ഹിക്കുന്നുണ്ട്.

Read also: വര്‍ണവും വെളിച്ചവും ചേര്‍ന്നൊരുക്കുന്ന മായികക്കാഴ്ചകള്‍ നിറച്ച് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍
