വരുന്ന ഡിസംബറിലും അതിന് ശേഷം 2019ല്‍ ഒരിക്കല്‍ കൂടിയും റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് പ്രവചനം.
മുംബൈ: അനുദിനം പുതിയ താഴ്ചകളിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ രൂപ വരുന്ന മാസങ്ങളില്‍ നില മെച്ചപ്പെടുത്തുമോ? നാട്ടില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള ദുരിതങ്ങള്‍ സമ്മാനിക്കുമ്പോഴും പ്രവാസികള്‍ക്ക് ഗള്‍ഫ് കറന്‍സികള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം എത്രകാലം നിലനില്‍ക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരൊക്കെ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്.
ഇന്ത്യന്‍ രൂപ വരുന്ന മാസങ്ങളിലും ഇതേ അവസ്ഥയില്‍ തന്നെ തുടരുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദരെ ഉള്‍ക്കൊള്ളിച്ച് റോയിട്ടേഴ്സ് തയ്യാറാക്കിയ അവലോകനത്തിലുള്ളത്. വരുന്ന ഡിസംബറിലും അതിന് ശേഷം 2019ല്‍ ഒരിക്കല്‍ കൂടിയും റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് പ്രവചനം. എന്നിരുന്നാലും രൂപയെ പടുകുഴിയില്‍ നിന്ന് കരയറ്റാന്‍ അത്ര പെട്ടെന്ന് കഴിയില്ലത്രെ.
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലൂടെയാണ് രൂപ കടന്നുപോകുന്നത്. ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന ഏഷ്യന്‍ കറന്‍സിയെന്ന സ്ഥാനവും രൂപയ്ക്ക് തന്നെ. ഈ വര്‍ഷം മാത്രം മൂല്യത്തില്‍ 16 ശതമാനത്തിന്റെ ഇടിവുണ്ടായി. ഡോളറിന്റെ മൂല്യം ഉയരുന്നതും അമേരിക്കയും ചൈനയും തുടരുന്ന വ്യപാര യുദ്ധവും രൂപയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് പ്രഖ്യാപിച്ച ധന നയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെ മൂല്യം പിന്നെയും ഇടിഞ്ഞു. കഴിഞ്ഞ ദിവസം 74.39 എന്ന പുതിയ താഴ്ചയിലുമെത്തി.
