ദുബായ്: മറ്റൊരു യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ കുടുക്കാന്‍ പൊലീസിന് സഹായം നല്‍കി യുവതി. ദുബായ് സ്വദേശിയാണ് തന്‍റെ ഭര്‍ത്താവ് മറ്റൊരു യുവതിയുടെ കുളിമുറിയില്‍ മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചത്. സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയായിരുന്നു യുവതി ഭര്‍ത്താവിനെ കുടുക്കിയത്.

കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ പ്രകാരം മാര്‍ച്ച് ഏഴിനാണ് സംഭവം നടക്കുന്നത്.  ഫ്ലാറ്റില്‍ നിന്ന് പരാതിയുമായി യുവതി പൊലീസിനെ വിളിക്കുന്നു. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനാല വഴി ഒരാള്‍ കയ്യില്‍ മൊബൈലുമായി ചിത്രം പകര്‍ത്താന്‍ ശ്രമിച്ചുവെന്ന് യുവതി പറയുന്നു. പെട്ടെന്ന് കാമറ കണ്ട യുവതി പേടിച്ച് വസ്ത്രം ധരിച്ച് പുറത്തേക്കോടി, സഹോദരനോട് കാര്യം പറഞ്ഞു.

സഹോദരനും യുവതിയും നടത്തിയ തെരച്ചിലില്‍, സഹോദരന്‍ പ്രതി ഇയാളാണെന്ന് സംശയം പ്രകടിപ്പിച്ചു. പ്രതിയോട് ഫ്ലാറ്റില്‍ നിന്ന് ആരെങ്കിലും ഓടുന്നത് കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു പാക്കിസ്ഥാനി ഓടുന്നത് കണ്ടു എന്നായിരുന്നു 41കാരനായ ഇയാളുടെ മറുപടി. എന്നാല്‍ ഇയാള്‍ കൂടുതല്‍ സംസാരിച്ചത് യുവതിക്ക് സംശയത്തിനിടയാക്കി.

തുടര്‍ന്ന് സെക്യൂരിറ്റി കാമറകള്‍ പരിശോധിച്ചപ്പോള്‍ ഫ്ലാറ്റില്‍ നിന്നും ഇയാള്‍ ഇറങ്ങി ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് താന്‍ ദൃശ്യം പകര്‍ത്തിയതായി സമ്മതിച്ച ഇയാള്‍ എല്ലാം ഡിലീറ്റ് ചെയ്തതായി കുറ്റസമ്മതം നടത്തി. 

തുടര്‍ന്ന് ഒളിച്ചു നടന്ന ഇയാളെ ഭാര്യയുടെ സഹായത്തോടെ നടത്തിയ നീക്കത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് കാണണമെന്ന് പറഞ്ഞ് യുവതി പ്രതിയെ വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റിങ് ഓപ്പറേഷന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പൊലീസിനോട് കുറ്റങ്ങള്‍ സമ്മതിച്ച ഇയാള്‍ കോടതിയില്‍ നിഷേധിച്ചു. കേസില്‍ ജൂലൈ 31ന് വിധി പറയും.