നിരവധി വമ്പൻ കരാറുകളും പ്രഖ്യാപനങ്ങളും സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

റിയാദ്: സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സൗദിയുടെ രാജകീയ വരവേൽപ്പാണ് ലഭിച്ചത്. സൗദിയുടെ റോയൽ എയർഫോഴ്സ് അകമ്പടിയിൽ വിമാനമിറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അമേരിക്കയും ഗൾഫ് രാജ്യങ്ങളുമായുള്ള സുപ്രധാന ഉച്ചകോടി നാളെ നടക്കും. ഇസ്രയേൽ സന്ദർശിക്കുന്നില്ല എന്നതും പലസ്തീൻ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നതും ലോകശ്രദ്ധയെ ട്രംപിലേക്കെത്തിക്കുന്നു. 

ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഏറ്റവും വലിയ ചലനങ്ങളുണ്ടായത് മിഡിൽ ഈസ്റ്റ് മേഖലയിലാണ്. ഹമാസ് - ഇസ്രയേൽ വെടിനിർത്തൽ ഏറ്റവും പ്രധാനം. ഇസ്രയേൽ സന്ദർശിക്കാതെ മടങ്ങുന്ന ട്രംപ്, പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തുമോയെന്ന് അഭ്യുഹങ്ങൾ സജീവമാണ്. ഹൂത്തികളുമായി നിലപാട് മയപ്പെടുത്തിയതും ഹമാസുമായി ചർച്ച ചെയ്ത് അമേരിക്കൻ - ഇസ്രയേലി ബന്ദിയെ മോചിപ്പിച്ചതും ശ്രദ്ധേയം. സൗദിക്കൊപ്പം യുഎഇയും ഖത്തറും ട്രംപ് സന്ദർശിക്കുന്നുണ്ട്.

സൗദിയിൽ വെച്ച് ഗൾഫ് ഉച്ചകോടിയിൽ ഒമാനും കുവൈത്തും ബഹ്റൈനും ഉൾപ്പടെ പങ്കെടുക്കുന്നുണ്ട്. ജിസിസി രാഷ്ട്രങ്ങളെ ഒറ്റയടിക്ക് കാണാൻ ട്രംപിന് കഴിയുന്നു എന്നതാണ് പ്രത്യേകത. ഈ ഉച്ചകോടിയിൽ അമേരിക്കയുടെ മിഡിൽ ഈസ്റ്റ് നയം ട്രംപ് പ്രഖ്യാപിച്ചേക്കും. ഇത് ലോക രാഷ്ട്രീയ ഭൂപടത്തിൽ സുപ്രധാനമായിരിക്കും. പ്രതിരോധ, ഊർജ്ജ, വ്യോമയാനയ എ.ഐ മേഖലകളിൽ ട്രില്യൺ ഡോളർ കരാറുകൾ പിറക്കുന്നതാകും സന്ദർശനം. ചൈനയ്ക്കും മുകളിൽ മിഡിൽ ഈസ്റ്റുമായി ഈ ബന്ധം നിലനിർത്തുകയെന്നത് അമേരിക്കയ്ക്ക് പ്രധാനമാണ്.

സൗദിയുമായി 100 ബില്യൺ ഡോളറിന്‍റെ പ്രതിരോധ കരാർ വന്നേക്കും. സൗദിയുമായി സിവിൽ ആണവ സഹകരണ കരാർ യാഥാർത്ഥ്യമാകും. ഇതിന് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്ന ഡിമാൻഡ് അമേരിക്ക ഒഴിവാക്കി. നാല് വർഷത്തിനുള്ളിൽ 600 ബില്യൺ ഡോളർ സൗദി അമേരിക്കയിൽ നിക്ഷേപിക്കും. 2.5 ട്രില്യൺ മൂല്യമുള്ള സൗദിയുടെ ധാതു ഖനന സാധ്യതയും പരിശധിക്കുന്നു. ഖത്തറും യുഎഇയും അമേരിക്കയിൽ നിന്ന് കൂടുതൽ ബോയിങ് വിമാനങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്. സൈനിക സഹകരണ ചർച്ചകളും നടക്കും. ‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം