ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ഫഹദ് രജാവിന്റെ അതിഥിയായി ഇന്ത്യയിൽനിന്നും ഹജ്ജിന് വരാൻ ഭാഗ്യം ലഭിച്ചത്. യത്തീംഖാനയിൽ നിന്നും നറുക്കെടുപ്പിലൂടെ 10 പേരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടാണ് അന്ന് സബീഹക്ക് ഈ അവസരം ലഭിച്ചത്.
റിയാദ്: രണ്ട് പതിറ്റാണ്ട് മുമ്പ് രാജാവിന്റെ അതിഥിയായി ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിക്കുകയും അന്ന് നല്ല അനുഭവങ്ങളുണ്ടാവുകയും ചെയ്തതിനാൽ സൗദിയിൽ ജോലിക്ക് വരാൻ ആഗ്രഹിച്ചിരുന്ന സബീഹ എന്ന കർണാടക സ്വദേശിനി സന്ദർശന വിസയിൽ വീട്ടുജോലിക്കെത്തി ദുരിതത്തിലായി. ഒടുവിൽ സാമൂഹിക പ്രവർത്തകരുടെയും കോൺസുലേറ്റിന്റെയും സഹായത്തോടെ നാടണഞ്ഞു.
ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ഫഹദ് രജാവിന്റെ അതിഥിയായി ഇന്ത്യയിൽനിന്നും ഹജ്ജിന് വരാൻ ഭാഗ്യം ലഭിച്ചത്. യത്തീംഖാനയിൽ നിന്നും നറുക്കെടുപ്പിലൂടെ 10 പേരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടാണ് അന്ന് സബീഹക്ക് ഈ അവസരം ലഭിച്ചത്. കർണാടക സ്വദേശികളായ സമീഉള്ള-ഷമീൻ ദമ്പതികളുടെ മകളാണ് സബീഹ.
അന്ന് ലഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും ഭക്ഷണവും സൗകര്യങ്ങളിലും മോഹിതയായിപ്പോയ സബീഹ കരുതിയിരുന്നത് സൗദിയിൽ എല്ലായിടത്തും എപ്പോഴും ഈ സാഹചര്യമാണ് എന്നായിരുന്നു. അതുകൊണ്ടാണ് വീട്ടുജോലിയെന്ന് കേട്ടയുടനെ സൗദിയിലേക്ക് പുറപ്പെട്ടത്. മുംബൈ സ്വദേശി സലീം എന്ന ഏജൻറ് ദുബൈയിലേക്കുള്ള ടൂറിസ്റ്റ് വിസയിൽ എത്തിച്ച ശേഷം അവിടെ ദിവസങ്ങളോളം താമസിപ്പിച്ച ശേഷമാണ്, സൗദിയിലേക്ക് സ്വകാര്യ സന്ദർശന വിസയിൽ ദുബൈയിൽ നിന്നും റിയാദ് വഴി ഖമീസ് മുശൈത്തിൽ എത്തിയത്.
സൗദിയിൽ എത്തിയപ്പോഴാണ് ധാരണകളെല്ലാം തെറ്റിയെന്നും കബളിപ്പിക്കപ്പെട്ടെന്നും മനസിലായത്. സ്വദേശിയുടെ വീട്ടിലെ ദുരിതത്തെ തുടർന്ന് വിവരം ഏജന്റിനെയും നാട്ടിലെ കുടുംബത്തേയും അറിയിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടർന്ന് രക്ഷപ്പെട്ട് പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് ഗാർഹിക തൊഴിലാളികളെ താമസിപ്പിക്കുന്നിടത്തേക്കും പിന്നീട് നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലേക്കും മാറ്റാൻ ശ്രമിച്ചെങ്കിലും നിയമാനുസൃതമായി സന്ദർശന വിസയിൽ ആയിരുന്നതിനാലും ഗാർഹിക തൊഴിലാളികൾക്കുള്ള ഇഖാമയിൽ അല്ലാത്തത് കൊണ്ടും സാധ്യമായില്ല.
തുടർന്ന് ഖമീസ് മുശൈത്തിലെ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ കമ്മിറ്റി മെമ്പറും സാമൂഹികപ്രവർത്തകനുമായ അഷ്റഫ് കുറ്റിച്ചലിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി പൊലീസ് മേധാവിയുടെ സഹായത്തോടെ നാട്ടിലേക്കുള്ള രേഖകൾ ശരിയാക്കി. വിമാന ടിക്കറ്റ് ഖമീസ് മുശൈത്തിലെ ലന സ്കൂൾ നൽകി. ഒ.ഐ.സി.സി നേതാക്കളായ പ്രസാദ്, മനാഫ്, അൻസാരി, റോയി, ഹബീബ് എന്നിവരും സഹായത്തനുണ്ടായിരുന്നു. സബീഹ കഴിഞ്ഞ ദിവസം അബഹയിൽ നിന്നും എയർ അറബ്യ വിമാനത്തിൽ ബംഗളുരുവിലേക്ക് പോയി.
