2,365 കോടി രൂപയാണ് വിവാഹ മോചനത്തില്‍ നഷ്ടപരിഹാരമായി യുവതി ആവശ്യപ്പെട്ടത്. 

അബുദാബി: വിവാഹ മോചനത്തിന് ഒരു ബില്യൺ ദിര്‍ഹം (2,365 കോടി ഇന്ത്യന്‍ രൂപ) ജീവനാംശം ആവശ്യപ്പെട്ട് അബുദാബി കുടുംബ കോടതിയെ സമീപിച്ച് യുവതി. 39കാരിയായ കരീബിയന്‍ യുവതിയാണ് 2,365 കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടത്.

20 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ദീര്‍ഘകാലമായി യുഎഇയില്‍ താമസിച്ച് വരികയുമാണ്. ഏപ്രില്‍ മുതലാണ് വിവാഹ മോചന നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ 18 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യുവതിക്ക് അഞ്ച് മക്കളാണുള്ളത്. യുഎഇയിലെ നീതിന്യായ സംവിധാനത്തില്‍ അചഞ്ചലമായ വിശ്വാസമുണ്ടെന്ന് യുവതി പറഞ്ഞു. തന്‍റെ മക്കള്‍ ജനിച്ചതും വളര്‍ന്നതും യുഎഇയിലാണെന്നും ഇത് തങ്ങളുടെ വീടാണെന്നും യുവതി പറഞ്ഞു. കോടതി നടപടിക്രമങ്ങളോട് ബഹുമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹമോചനത്തിനായി യുവതി ആവശ്യപ്പെട്ട പണം ലഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയായി ഇത് മാറുമെന്ന് യുവതിയുടെ അഭിഭാഷക ബൈറൺ ജെയിംസ് പറഞ്ഞു. വിവാഹ സമയത്ത് രണ്ടുപേരും ഒരുമിച്ച് സമ്പാദിച്ച പണം വിവാഹ മോചന സമയത്ത് കൃത്യമായി വിഭജിക്കണമെന്ന് ബൈറൺ ജെയിംസ് പറഞ്ഞു.