ഷാര്‍ജ: 29കാരിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്ന പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മരിച്ച യുവതി പാകിസ്ഥാന്‍ പൗരയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാര്‍ജ മുവൈലയിലെ യുവതിയുടെ താമസ സ്ഥലത്താണ് ഏതാനും ദിവസം മുന്‍പ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് കഴിഞ്ഞ ദിവസം പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പാകിസ്ഥാനികളായ മറ്റ് ചിലര്‍ക്കൊപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ദൂരൂഹത സംശയിക്കുന്ന പൊലീസ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

വിവരം ലഭിച്ച പൊലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ തന്നെ താമസിച്ചിരുന്ന രണ്ട് പുരുഷന്മാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നുതന്നെ കത്തി പൊലീസ് കണ്ടെടത്തു. ഇവിടെ നിന്നുള്ള വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു.