2012 മുതല്‍ വീട്ടിലെ ചെറിയ മുറിയില്‍ സ്ത്രീ മകളെ പൂട്ടിയിട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിനും അവശ്യ കാര്യങ്ങള്‍ക്കുമുള്ള അവകാശം നിഷേധിച്ചിരുന്നു.

കുവൈത്ത് സിറ്റി: മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ചു വര്‍ഷം വീട്ടില്‍ സൂക്ഷിച്ച സ്ത്രീക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്തി കോടതി. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

സംഭവത്തില്‍ സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ കുറ്റക്കാരിയല്ലെന്നും മകളെ മരിച്ച നിലയില്‍ നിലത്ത് കിടക്കുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നെന്നാണ് സ്ത്രീ ആദ്യം പറഞ്ഞത്. മരണവിവരം അധികൃതരെ അറിയിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമോ എന്ന പേടി മൂലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മാതാവ് സഹോദരിയോട് ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും വീട്ടില്‍ പൂട്ടിയിട്ടതായും സ്ത്രീയുടെ മകന്‍ വെളിപ്പെടുത്തി. എന്നാല്‍ മകളെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യമില്ലായിരുന്നെന്ന് സ്ത്രീ പറഞ്ഞു. മകളെ അച്ചടക്കം പഠിപ്പിക്കാന്‍ മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

2012 മുതല്‍ വീട്ടിലെ ചെറിയ മുറിയില്‍ സ്ത്രീ മകളെ പൂട്ടിയിട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിനും അവശ്യ കാര്യങ്ങള്‍ക്കുമുള്ള അവകാശം നിഷേധിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ശുചിമുറിയിലാക്കുകയും അവിടെ വെച്ച് കുട്ടി മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പ്രാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.