ദുബൈ: ദുബൈയില്‍ വെള്ളം നിറച്ച പാത്രത്തില്‍ തല മുങ്ങി മരിച്ച രീതിയില്‍ യുവതിയെ കണ്ടെത്തി. കുളിമുറിയിലെ വെള്ളം നിറച്ച പാത്രത്തില്‍ തല മുക്കി ഏഷ്യക്കാരിയായ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദുബൈ പൊലീസ് പറഞ്ഞു.

ദുരൂഹ സാഹചര്യത്തില്‍ വെള്ളം നിറച്ച പാത്രത്തിനുള്ളില്‍ ശിരസ്സ് മുങ്ങിക്കിടക്കുന്ന രീതിയിലാണ് യുവതിയെ കണ്ടെത്തിയത്. വിചിത്രമായ രീതിയില്‍ മരണപ്പെട്ടത് കൊണ്ട് സംഭവം കൊലപാതകമാണെന്നാണ് ആദ്യം പൊലീസ് സംശയിച്ചത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമമോ സംശയാസ്പദമായോ സൂചനകളോ ഇല്ലെന്ന് യുവതിയുടെ ഒട്ടോപ്‌സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആക്രമണം നടന്നതിനോ മരണകാരണമായേക്കാവുന്ന വിഷപദാര്‍ത്ഥങ്ങള്‍ യുവതി കഴിച്ചതിനോ തെളിവുകളൊന്നുമില്ലെന്ന് ദുബായ് പൊലീസിലെ ഫോറന്‍സിക് എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗം ഫോറന്‍സിക് കണ്‍സള്‍ട്ടന്റ് ഡോ യൂനസ് മുഹമ്മദ് അല്‍ ബലുഷിയെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 

മാളിലെ ജീവനക്കാരിയായിരുന്ന യുവതിക്ക് ഗുരുതരമായ മാനസിക,വൈകാരിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യുവതി വൈകാരികമായ ചില പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന സ്ത്രീ പൊലീസിനോട് പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്യാനുള്ള വിചിത്രമായ മാര്‍ഗങ്ങള്‍ ഏതൊക്കെയെന്ന് യുവതി ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തിട്ടുള്ളതായി ഫോണ്‍ പരിശോധിച്ച പൊലീസ് കണ്ടെത്തിയിട്ടുണ്ട്.