സോഷ്യല്‍ മീഡിയയില്‍ ലൈവ് ബ്രോഡ്‍കാസ്റ്റ് നടത്തുന്നതിനിടെ ഇവര്‍ പുസ്‍തക മേള സന്ദര്‍ശിക്കാന്‍ എത്തിയ ഒരാളെ അപമാനിക്കുകയും അയാളുടെ സ്വകാര്യത ലംഘിക്കുകയും അസഭ്യം പറയുകയും ചെയ്‍തു.
അബുദാബി: സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിച്ചതിനും സ്വകാര്യത ലംഘിച്ചതിനും യുവതിക്ക് യുഎഇയില്‍ ശിക്ഷ. അബുദാബി പുസ്‍തക മേളയില്‍ പങ്കെടുക്കുകയായിരുന്ന ഒരാളെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ലൈവ് ബ്രോഡ്‍കാസ്റ്റിനിടെ അസഭ്യം പറയുകയും സ്വകാര്യത ലംഘിക്കുകയും ചെയ്‍തെന്ന പരാതിയിലാണ് അബുദാബി ക്രിമിനല്‍ കോടതി അറബ് യുവതിക്ക് ശിക്ഷ വിധിച്ചത്. സ്വകാര്യത ലംഘിച്ചതിന് ഇവര്‍ 50,000 ദിര്‍ഹം പിഴ അടയ്ക്കണമെന്നും ആറ് മാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നുമാണ് കോടതി വിധി.
അടുത്തിടെ അബുദാബിയില്‍ നടന്ന ഒരു പുസ്‍തക മേളയ്ക്കിടെയായിരുന്നു കേസിന് ആസ്‍പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ ലൈവ് ബ്രോഡ്‍കാസ്റ്റ് നടത്തുന്നതിനിടെ ഇവര്‍ പുസ്‍തക മേള സന്ദര്‍ശിക്കാന്‍ എത്തിയ ഒരാളെ അപമാനിക്കുകയും അയാളുടെ സ്വകാര്യത ലംഘിക്കുകയും അസഭ്യം പറയുകയും ചെയ്‍തു. യുവതി സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വീഡിയോ വൈറലായതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
സംഭവത്തിന്റെ എല്ലാ ചിത്രങ്ങളും വീഡിയോ റെക്കോര്‍ഡിങുകളും ഡിലീറ്റ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇവര്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട യുവതിയുടെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി ക്ലോസ് ചെയ്യാന്‍ നിര്‍ദേശിച്ച കോടതി, അപമാനിച്ചെന്ന പരാതിയില്‍ 10,000 ദിര്‍ഹം കൂടി പിഴ ചുമത്തിയിട്ടുമുണ്ട്. അതേസമയം ജയില്‍ ശിക്ഷ നടപ്പാക്കുന്നതിന് മൂന്ന് വര്‍ഷത്തെ സ്റ്റേ കോടതി അനുവദിച്ചിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
