കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിന്റെ സൂപ്പര്‍വൈസര്‍ ജനറലും സൗദി റോയല്‍ കോര്‍ട്ട് അഡ്വൈസറും പ്രശസ്‍ത ശസ്‍ത്രക്രിയാ വിദഗ്ധനുമായ ഡോ. അബ്‍ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലായിരുന്നു വേര്‍പെടുത്തല്‍ ശസ്‍ത്രക്രിയ നടത്തിയത്.
റിയാദ്: ഒട്ടിച്ചേര്‍ന്ന തലകളുമായി ജീവിച്ച സയാമീസ് ഇരട്ടകളായ സല്‍മായെയും സാറയെയും അതീവ സങ്കീര്‍ണമായ ശസ്‍ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി. സൗദി തലസ്ഥാനമായ റിയാദിലെ ആശുപത്രിയില്‍ 31 വിദഗ്ധ ഡോക്ടര്‍മാരും നിരവധി അനുബന്ധ ജീവനക്കാരും നഴ്‍സുമാരും സാങ്കേതിക വിദഗ്ധരും സ്‍പെഷ്യലിസ്റ്റുകളുമെല്ലാം പങ്കെടുത്ത ശസ്‍ത്രക്രിയ 17 മണിക്കൂര്‍ നീണ്ടു.
ഈജിപ്‍ഷ്യന്‍ സ്വദേശികളായ സല്‍മയെയും സാറയെയും ശസ്‍ത്രക്രിയക്ക് വേണ്ടിയാണ് സൗദി അറേബ്യയില്‍ എത്തിച്ചത്. സൗദി ഭരണാധികാരിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിന്റെ സൂപ്പര്‍വൈസര്‍ ജനറലും സൗദി റോയല്‍ കോര്‍ട്ട് അഡ്വൈസറും പ്രശസ്‍ത ശസ്‍ത്രക്രിയാ വിദഗ്ധനുമായ ഡോ. അബ്‍ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലായിരുന്നു വേര്‍പെടുത്തല്‍ ശസ്‍ത്രക്രിയ നടത്തിയത്. സൗദി ഭരണകൂടമാണ് സല്‍മയെയും സാറയെയും കുടുംബത്തോടൊപ്പം രാജ്യത്ത് എത്തിച്ചതുള്‍പ്പെടെ ചികിത്സയുടെ എല്ലാ ചെലവുകളും വഹിച്ചത്. സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള സൗദിയുടെ പ്രത്യേക പദ്ധതിക്ക് കീഴില്‍ നടത്തിയ 57-ാമത്തെ ശസ്‍ത്രക്രിയയായിരുന്നു ഇത്. ഇതുവരെ 23 രാജ്യങ്ങളില്‍ നിന്നുള്ള 130 സയാമീസ് ഇരട്ടകളെ പദ്ധതിക്ക് കീഴില്‍ വേര്‍പെടുത്തിയിട്ടുണ്ടെന്ന് ഡോ. അബ്‍ദുല്ല അല്‍ റബീഅ അറിയിച്ചു.
പദ്ധതിക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഡോ. അല്‍ റബിഅ നന്ദി അറിയിച്ചു. സൗദി ഭരണകര്‍ത്താക്കള്‍ക്കും ശസ്‍ത്രക്രിയ പൂര്‍ത്തീകരിച്ച മെഡിക്കല്‍ സംഘത്തിനും നന്ദി പറഞ്ഞ സല്‍മയുടെയും സാറയുടെയും ബന്ധുക്കള്‍ തങ്ങള്‍ക്ക് സൗദിയില്‍ ലഭിച്ച സ്വീകരണത്തിനും സൗകര്യങ്ങള്‍ക്കും കൃതജ്ഞ രേഖപ്പെടുത്തി.
Read also: ഈ മാസത്തെ ശമ്പളം 25-ാം തീയ്യതിക്ക് മുമ്പ് നല്‍കണമെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
