ഫുജൈറ: തന്നെ കബളിപ്പിച്ച് മറ്റൊരാളുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട ഭാര്യയ്ക്കെതിരെ കോടതിയെ സമീപിച്ച യുവാവിന് 50,000 ദിര്‍ഹം (പത്ത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഇയാള്‍ക്ക് വിവാഹമോചനവും യുഎഇയിലെ ഫുജൈറ സിവില്‍ കോടതി അനുവദിച്ചു.

പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഭാര്യയുടെ തന്നോടുള്ള സമീപനത്തില്‍ വലിയ മാറ്റം വന്നതാണ് യുവാവിന് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ നിരീക്ഷിച്ചു. താന്‍ ജോലിക്ക് പോകുന്നത് വരെ വീട്ടില്‍ തന്നെയിരിക്കുന്ന ഭാര്യ, താന്‍ പോയിക്കഴിഞ്ഞാല്‍ പുറത്തിറങ്ങുകയും കാമുകനൊപ്പം വിവിധ റസ്റ്റോറന്റുകളിലും മറ്റ് സ്ഥലങ്ങളിലും പോകുന്നത് ഇയാള്‍ കണ്ടെത്തി. ഇക്കാര്യം അറിയിച്ച് അദ്ദേഹം ഭാര്യയ്ക്കെതിരെ പരാതി നല്‍കി.

പരാതിയില്‍ അന്വേഷണം നടത്തിയ ഫുജൈറ പൊലീസ് ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തി. തെളിവുകള്‍ ശേഖരിച്ച ശേഷം ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. അവിഹിത ബന്ധത്തിന് പ്രോസിക്യൂഷന്‍ ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തി. കോടതിയിലും കുറ്റം തെളിഞ്ഞതോടെ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ട് മറ്റൊരു കേസ് കൂടി നല്‍കുകയായിരുന്നു.

വിവാഹ മോചനക്കേസ് ഫാമിലി കൗണ്‍സിലിങ് വിഭാഗത്തിന് കോടതി കൈമാറി. എന്നാല്‍ വിവാഹമോചന ആവശ്യത്തില്‍ യുവാവ് ഉറച്ചുനിന്നതോടെ കേസ് വീണ്ടും കോടതിയിലെത്തി. ഭര്‍ത്താവിന് അനുകൂലമായി വിധി പ്രസ്താവിച്ച കോടതി വിവാഹമോചനം അനുവദിക്കുകയും കുട്ടികളും സംരക്ഷണാവകാശവും യുവതിക്ക് നല്‍കാനാവില്ലെന്ന് വിധിച്ചു. 

എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നും അനുഭവിച്ച മാനസിക സംഘര്‍ഷത്തിന് പകരം നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ വീണ്ടും സമീപിച്ചു. ഈ കേസില്‍ നിരവധി ദിവസത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി, യുവാവിന് 50,000 ദിര്‍ഹം നഷ്ടരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു.