അന്വേഷണം നടത്തി സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ, പണം നല്‍കി ഒരാളെ പൊലീസ് ഇവരുടെ അടുത്തേക്ക് അയച്ചു. സഹായികളായ മൂന്ന് സ്ത്രീകള്‍ ഒരു ഹോട്ടലില്‍ വെച്ചാണ് പണം വാങ്ങിയത്. 

ഷാര്‍ജ: പ്രയപൂര്‍ത്തിയാവാത്ത മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച സ്ത്രീയെ പൊലീസ് പിടികൂടി. വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. 

ലൈംഗിക തൊഴിലാളിയായ അറബ് സ്ത്രീയാണ് 17 വയസുള്ള മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചത്. ഇക്കാര്യം ഇവര്‍ തന്നെ തന്റെ സുഹൃത്തുക്കളെ അറിയിച്ചു. 50,000 ദിര്‍ഹവും സ്വര്‍ണ്ണ നെക്ലേസും നല്‍കുന്നവര്‍ക്ക് മകളുമായി ആദ്യ ലൈംഗിക ബന്ധത്തിനുള്ള അവസരം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത് സംബന്ധിച്ച വിവരം ലഭിച്ചതോടെ ഷാര്‍ജ പൊലീസ് കെണിയൊരുക്കി ഇവരെ കുടുക്കുകയായിരുന്നു.

അന്വേഷണം നടത്തി സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ, പണം നല്‍കി ഒരാളെ പൊലീസ് ഇവരുടെ അടുത്തേക്ക് അയച്ചു. സഹായികളായ മൂന്ന് സ്ത്രീകള്‍ ഒരു ഹോട്ടലില്‍ വെച്ചാണ് പണം വാങ്ങിയത്. പണം കൈപ്പറ്റിയതിന് പിന്നാലെ ഹോട്ടലില്‍ നേരത്തെ തയ്യാറായി നിന്ന പൊലീസ് സംഘം മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ഇവരും ലൈംഗിക തൊഴിലാളികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലിലേക്ക് പോകണമെന്നും പണം നല്‍കുന്നയാളിന് വഴങ്ങിക്കൊടുക്കണമെന്നും അമ്മ തന്നെ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രതികളെല്ലാം കുറ്റം സമ്മതിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടര്‍നടപടികള്‍ക്കായി ഇവരെ പ്രോസിക്യൂഷന് കൈമാറി. 

കടപ്പാട്: ഖലീജ് ടൈംസ്