അബുദാബി: തനിക്ക് ഇഷ്‍ടമായ വ്യക്തിയെ വിവാഹം ചെയ്യാന്‍ അച്ഛന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു. തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിനെ തനിക്ക് ഇഷ്‍ടപ്പെട്ടെന്നും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും പിതാവിനോട് പറഞ്ഞെങ്കിലും അദ്ദേഹം അതിന് തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് അബുദാബി പഴ്‍സണല്‍ അഫയേഴ്‍സ് കോടതില്‍ യുവതി പരാതിയുമായെത്തിയത്.

പിതാവിനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് താന്‍ വീടുവിട്ട് ഇറങ്ങിയെന്നും യുവതി പറഞ്ഞു. എന്നാല്‍ മകളെ വിവാഹം ചെയ്യണമെന്ന് യുവാവ് ഇതുവരെ തന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അച്ഛന്‍ കോടതിയെ അറിയിച്ചത്. തന്നെ സമീപിക്കാത്ത ഒരാളുടെ വിവാഹാലോചനയോട് താന്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ച പിതാവ്, ഇതിന് പുറമെ തന്റെ മകളെ വിവാഹം ചെയ്യാന്‍ ആയാള്‍ യോഗ്യനാണെന്ന് താന്‍ കരുതുന്നുമില്ലെന്നും പറഞ്ഞു.

മകളെ സംരക്ഷിക്കാനുള്ള സാമ്പത്തികവും ശാരീരികവുമായ കഴിവില്ലാത്തയാളാണ് യുവാവ്. ഇയാള്‍ക്കെതിരെ കോടതികളില്‍ നിലവിലുള്ള വിവിധ കേസുകളുടെ രേഖകളും അച്ഛന്റെ അഭിഭാഷക കോടതിക്ക് കൈമാറി. യുഎഇയിലെ  പരമ്പരാഗത രീതി അനുസരിച്ച് വിവാഹം ചെയ്യാനുദ്ദേശിക്കുന്ന വ്യക്തി, വധുവിന്റെ രക്ഷിതാക്കളെ നേരിട്ട് സമീപിച്ച് അവരോട് വിവാഹാലോചന നടത്തുകയാണ് വേണ്ടത്. ഇത് യുവാവ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കേസ് ചെലവ് സഹിതം തള്ളണമെന്നാണ് അച്ഛന്റെ വാദം.