Asianet News MalayalamAsianet News Malayalam

ആശുപത്രിയിൽ നിന്ന്​ കുഞ്ഞുങ്ങളെ തട്ടിയെടുത്ത്​ വളർത്തിയ സൗദി വീട്ടമ്മ 27 വർഷത്തിന്​ ശേഷം പിടിയില്‍

ഹോളിവുഡ് സിനിമയെ വെല്ലുന്ന ഈ മോഷണ കഥ ഇപ്പോൾ രാജ്യത്ത്​ വൻ വാർത്തയായിരിക്കുകയാണ്​​. ഇതിലൊരു യുവാവിനെ, ഡി.എൻ.എ പരിശോധനയിലൂടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തി കൈമാറാൻ പൊലീസിന്​ കഴിഞ്ഞതോടെ സംഭവം സംബന്ധിച്ച വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്​​.

woman who kidnapped new born babies arrested after 27 years
Author
Dammam Saudi Arabia, First Published Feb 20, 2020, 3:08 PM IST

റിയാദ്​: ആൺകുട്ടികളില്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന്​ കുഞ്ഞുങ്ങളെ തട്ടിയെടുത്ത്​ വളർത്തിയ സൗദി വീട്ടമ്മ 27 വർഷത്തിന്​ ശേഷം പിടിയിൽ. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുള്ള ആശുപത്രിയിൽ നിന്ന്​ മൂന്ന്​ നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി വളർത്തിയ മറിയം എന്ന സൗദി വനിത​ ആദ്യ മോഷണം നടത്തി 27 വർഷത്തിന്​ ശേഷമാണ്​ പൊലീസ്​ പിടിയിലായത്​.

തട്ടിക്കൊണ്ടുപോയി വളർത്തിയ​ മൂന്ന്​ കുഞ്ഞുങ്ങളും യുവാക്കളായപ്പോൾ ദേശീയ തിരിച്ചറിയൽ കാർഡ്​ നേടാൻ നടത്തിയ ശ്രമമാണ്​ അന്യന്റെ മാതൃത്വം മോഷ്​ടിച്ച്​ സ്വന്തമാക്കാൻ ശ്രമിച്ച വീട്ടമ്മയെ​ പൊലീസിന്റെ കൈകളിലെത്തിച്ചത്​. ഹോളിവുഡ് സിനിമയെ വെല്ലുന്ന ഈ മോഷണ കഥ ഇപ്പോൾ രാജ്യത്ത്​ വൻ വാർത്തയായിരിക്കുകയാണ്​​. ഇതിലൊരു യുവാവിനെ, ഡി.എൻ.എ പരിശോധനയിലൂടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തി കൈമാറാൻ പൊലീസിന്​ കഴിഞ്ഞതോടെ സംഭവം സംബന്ധിച്ച വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്​​.

ദമ്മാമില്‍ കഴിഞ്ഞയാഴ്ചയാണ് സസ്പെന്‍സ് നിറഞ്ഞ സംഭവവികാസങ്ങളുടെ തുടക്കം. മൂന്ന് ആണ്‍ മക്കളിൽ രണ്ടുപേരുടെ ദേശീയ തിരിച്ചറിയൽ കാർഡിന്​​ അപേക്ഷിക്കാൻ ദമ്മാമിലെ പൊലീസ് സ്​റ്റേഷനിലെത്തിയതാണ്​ മറിയം. ജനന രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ പതറി. ഒടുവില്‍, 20 വര്‍ഷം മുമ്പ്​ ഈ കുട്ടികളെ തനിക്ക്​ കളഞ്ഞുകിട്ടിയതാണെന്ന് അവർ വിശദീകരിച്ചു. സംശയം തോന്നി പൊലീസ്​ ദമ്മാം മേഖലയില്‍ നിന്ന് കാണാതായ കുഞ്ഞുങ്ങളുടെ ലിസ്​റ്റ്​ പരിശോധിച്ചു. ഒപ്പം അപേക്ഷ നല്‍കിയ രണ്ട് യുവാക്കളുടെയും ഡി.എന്‍.എ പരിശോധനയും നടത്തി.

ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചതോടെ ഒരു സിനിമാക്കഥ പോലെ യാഥാർഥ്യം തെളിയുകയായിരുന്നു. മൂന്ന് ആണ്‍കുഞ്ഞുങ്ങളെ ദമ്മാമിലെ ആശുപത്രിയില്‍ നിന്ന് മോഷ്​ടിച്ചതാണെന്ന് മറിയം ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആദ്യത്തെ കുഞ്ഞിനെ 1993ലാണ്​ മോഷ്​ടിക്കുന്നത്​‍. രണ്ടാമത്തേത് 1996ലും മൂന്നാമത്തേത് 1999ലും. നഴ്സിന്റെ വേഷം ധരിച്ചായിരുന്നു മോഷണം. അവസാന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആശുപത്രിയിൽ നിന്ന്​ പൊലീസ്​ ശേഖരിച്ചു. കുഞ്ഞിനെ മറിയം എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ്​ പൊലീസ്​ പുറത്തുവിട്ടത്​.

രണ്ട് പെണ്‍മക്കളുടെ ഉമ്മയായ മറിയം ആൺമക്കളില്ലാത്ത ദുഃഖം തീർക്കാൻ ചെയ്​ത ഈ കടുംകൈ പക്ഷേ, സ്വന്തം ദാമ്പത്യ ജീവിതത്തെയും തകർത്തിരുന്നു. കുഞ്ഞുങ്ങളെ ചൊല്ലി തർക്കിച്ച്​ ആദ്യ ഭര്‍ത്താവും രണ്ടാം ഭർത്താവും ഉപേക്ഷിച്ചുപോയി. നാലാം തവണയും മറ്റൊരു കുഞ്ഞിനെ കൂടി തട്ടിയെടുക്കാന്‍‌ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെ​ട്ടെന്നും​ മറിയം പൊലീസിനോട് സമ്മതിച്ചു. മൂന്നു വർഷ ഇടവേളകളിലായിരുന്നു മോഷണങ്ങളെല്ലാം.

ഡി.എന്‍.എ പരിശോധനയിലൂടെ ആദ്യത്തെ കുട്ടിക്കാണ്​, അതായത്​ ഇപ്പോൾ 27 വയസുള്ള നായിഫിനാണ്​ തന്റെ യഥാർഥ മാതാപിതാക്കളുടെ അടുത്തെത്താൻ കഴിഞ്ഞത്​. പാട്ടുപാടി ആഹ്ലാദ നൃത്തം ചവിട്ടിയാണ്​ മാതാപിതാക്കളും കുടുംബാംഗങ്ങളും നായിഫി​നെ വരവേറ്റത്​. ബാക്കി രണ്ട് യുവാക്കളുടേയും മാതാപിതാക്കളെയും കുടുംബ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്​ പൊലീസ്. മാതൃത്വ മോഷ്​ടാവായ മറിയം കസ്​റ്റഡിയിൽ കഴിയുന്നു.

Follow Us:
Download App:
  • android
  • ios