കുവൈത്ത് സിറ്റി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി നേടിയ ജോലിയിലൂടെ സമ്പാദിച്ച മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ ഉത്തരവ്. കുവൈത്ത് പ്രോസിക്യൂഷനാണ് സ്വദേശി വനിതയ്ക്കെതിരായ കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ സ്വദേശി വനിത ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രഫസര്‍ തസ്തികയിലാണ് ജോലി ചെയ്തത്. നാല് വര്‍ഷത്തെ ജോലിയിലൂടെ ആകെ 1,17,000 ദിനാര്‍ ഇവര്‍ കൈപ്പറ്റുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഈ പണം മുഴുവന്‍ തിരിച്ചടയ്ക്കാനാണ് വിധി. പണം നല്‍കുന്നതുവരെ ഇവരെ തടവിലിടാനും പ്രോസിക്യൂഷന്റെ വിധിയില്‍ പറയുന്നു.

ജോലിക്കായി മൂന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഒരു ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റും ഒരു ഡോക്ടറേറ്റ് ബിരുദ സര്‍ട്ടിഫിക്കറ്റുമാണ് ഇവര്‍ ഹാജരാക്കിയിരുന്നത്. ഈജിപ്ത് സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദങ്ങളാണിവയെന്ന് അവകാശപ്പെട്ടുവെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചശേഷം ഒരു ഈജിപ്ഷ്യന്‍ പൗരന്റെ സഹായത്തോടെ അത് അറ്റസ്റ്റ് ചെയ്താണ് ജോലിക്കായി ഹാജരാക്കിയത്.