ദുബൈ: ദുബൈയില്‍ റെസ്റ്റോറന്റിനുള്ളില്‍ വെച്ച് സഹതൊഴിലാളിയെ ആക്രമിച്ച പ്രവാസിക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിക്ക് ശേഷം അഫ്ഗാന്‍ സ്വദേശിയായ ഇയാളെ നാടുകടത്താനും കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി ഉത്തരവിട്ടു.

സഹതൊഴിലാളിയെ ആക്രമിച്ചതിന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അഫ്ഗാന്‍ സ്വദേശിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇയാളുടെ ആക്രമണത്തില്‍ സഹതൊഴിലാളിക്ക് അഞ്ച് ശതമാനം ശാരീരിക വൈകല്യം സംഭവിച്ചു. ദുബൈയിലെ അല്‍ ഗര്‍ഹൂദ് ഏരിയയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം ഉണ്ടായത്. തര്‍ക്കത്തിനിടെ ചായ കുടിച്ചുകൊണ്ടിരുന്ന 23കാരനായ പാകിസ്ഥാന്‍ സ്വദേശിയുടെ വായില്‍ നിന്നും അബദ്ധത്തില്‍ ചായ പ്രതിയായ 26കാരന്റെ ദേഹത്ത് തെറിച്ചു. ഇതോടെ പ്രതി യുവാവിന്റെ ദേഹത്തേക്ക് തിരിച്ചും ചായ ഒഴിച്ചു.

തര്‍ക്കം രൂക്ഷമായതോടെ പ്രതി യുവാവിനെ കത്തി കൊണ്ട് ആക്രമിക്കുകയും ഇയാളുടെ രണ്ട് വിരലുകള്‍ മുറിച്ചുമാറ്റുകയുമായിരുന്നു. ഗുരുതരമായി മുറിവേറ്റ യുവാവ് റാഷിദ് ആശുപത്രിയില്‍ ചികിത്സ തേടി. ഈ കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ചികിത്സയ്ക്ക് ശേഷം റെസ്റ്റോറന്റില്‍ തിരികെയെത്തിയ തന്നെ റെസ്‌റ്റോറന്റ് ഉടമ അപമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരിക്കേറ്റ യുവാവ് പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയ റെസ്റ്റോറന്റ് ഉടമയ്ക്ക് 3,000 ദിര്‍ഹം പിഴയും വിധിച്ചു.