ജെറുസലേം: ഇസ്രായേല്‍ - യുഎഇ കരാറിനോട് ലോക നേതാക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം. പലസ്തീന്‍ സംഘടനകളും ഇറാനും കരാറിനെ എതിര്‍ത്ത് രംഗത്തുവന്നപ്പോള്‍ ചില അറബ്-മുസ്ലിം രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും സ്വാഗതം ചെയ്തു. 

ജറുസലേമിനെയും അല്‍ അഖ്‌സയെയും പലസ്തീന്റെ അവകാശങ്ങളെയും വഞ്ചിക്കുകയാണ് കരാറിലൂടെ ചെയ്തിരിക്കുന്നതെന്നുമായിരുന്നു പലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസിന്റെ പ്രതികരണം. കരാറിനെ അംഗീകരിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു. പലസ്തീന്‍ ജനങ്ങളുടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കുന്ന കരാറാണിത്. സിയോണിസ്റ്റ് താല്‍പ്പര്യങ്ങളാണ് കരാര്‍ സംരക്ഷിക്കുന്നത്. ഇസ്രായേലിന്റെ അധിനിവേശം ശക്തിപ്പെടുത്താന്‍ മാത്രമേ കരാര്‍ ഉപകരിക്കൂ എന്നും ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. 

അതേസമയം കരാറിനെ ജോര്‍ദാന്‍ അനുകൂലിച്ചു. നിലച്ചുപോയ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ഇതുവഴി സാധിക്കും. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ മേഖല സമാധാനത്തിലേക്ക് നീങ്ങുമെന്നും അല്ലെങ്കില്‍ മേഖല നശിക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി ഐമന്‍ സഫാദി പറഞ്ഞു. കരാറിനെ എതിര്‍ത്ത് തീവ്ര ജൂത സംഘടനകള്‍ രംഗത്തുവന്നു. വെസ്റ്റ് ബാങ്കിനെ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. കരാര്‍ പ്രകാരമായിരിക്കും ഈജിപ്ത് ഇനി മുന്നോട്ടുപോകുക എന്ന്  ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സിസി പറഞ്ഞു.  

പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാക്കാന്‍ അമേരിക്ക നടത്തുന്ന പരിശ്രമങ്ങളെ ബഹ്‌റൈന്‍ അഭിനന്ദിച്ചു. ബ്രിട്ടനും ഫ്രാന്‍സും കരാറിനെ സ്വാഗതം ചെയ്തു. നല്ല വാര്‍ത്തയാണ് വന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ കൈയ്യേറ്റം ഇസ്രായേല്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈയ്യേറ്റ മേഖലയിലെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് സമാധാനത്തിന്റെ സൂചനയാണെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി പറഞ്ഞു. 

കരാറിനെ നാണക്കേട് എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ഇറാനിലെ മതനേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ കരാര്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പര്യാപ്തമല്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ വക്താവ് പ്രതികരിച്ചു. പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാകുന്നതിന് സഹായിക്കുന്ന നീക്കമാണിതെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള സമാധാന ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.