സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് മത്സരങ്ങൾ ഉൾപ്പെടെ ആകെ 443 മത്സരങ്ങളാണ് നടക്കുക. 

ദോഹ: മെയ് 17 മുതൽ 25 വരെ ദോഹയിൽ നടക്കുന്ന ഐടിടിഎഫ് വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ഫൈനൽസിനുള്ള ഒരുക്കങ്ങൾ ലുസൈൽ സ്‌പോർട്‌സ് അരീനയും ഖത്തർ യൂണിവേഴ്‌സിറ്റിയും പൂർത്തിയാക്കി. 640 പേർ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് മത്സരങ്ങൾ ഉൾപ്പെടെ ആകെ 443 മത്സരങ്ങൾ നടക്കും.

ഒരുക്കങ്ങൾ പരിശോധിക്കുന്നതിനായി ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) പ്രസിഡന്റ് ശൈഖ് ജോവാൻ ബിൻ ഹമദ് അൽ-താനി വ്യാഴാഴ്ച ലുസൈൽ സ്‌പോർട്‌സ് ഹാൾ സന്ദർശിച്ചു. ഖത്തർ, അറബ്, ഏഷ്യൻ ടേബിൾ ടെന്നീസ് ഫെഡറേഷനുകളുടെ പ്രസിഡന്റും ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ പ്രഥമ വൈസ് പ്രസിഡന്റുമായ ഖലീൽ അഹമ്മദ് അൽ മോഹന്നാദി, ടൂർണമെന്റിന്റെ സംഘാടക സമിതി അംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കൂടുതൽ മത്സരങ്ങൾ നടക്കുന്ന പ്രധാന വേദിയായ ലുസൈൽ സ്‌പോർട്‌സ് അരീനയിലായിരിക്കും ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറുന്നത്. ദോഹയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ലുസൈൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ വേദിയിൽ 20,000 കാണികളെ ഉൾക്കൊള്ളാൻ കഴിയും. ആധുനിക രീതിയിലുള്ള രൂപകൽപ്പന, ഹൈടെക് സൗണ്ട്, ലൈറ്റിംഗ്, കൂളിംഗ് സിസ്റ്റങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ലുസൈൽ സ്പോർട്ട്സ് അരീന. ടീം റൂമുകൾ, മീഡിയ ഏരിയകൾ, അതിഥികൾക്കുള്ള ഇടങ്ങൾ, ഫാൻ സോണുകൾ എന്നിവയും ഉൾപ്പെടുന്നു. 2015-ലെ ലോക ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ് പോലുള്ള ലോകോത്തര ടൂർണമെന്റുകൾക്കും വേദിയായിട്ടുണ്ട്.

ടൂർണമെന്റിന്റെ ആദ്യ നാല് ദിനങ്ങളിൽ ഖത്തർ യൂണിവേഴ്‌സിറ്റിയുടെ സ്‌പോർട്‌സ് ആൻഡ് ഇവന്റ്‌സ് കോംപ്ലക്‌സിലും മത്സരങ്ങൾ നടക്കും. ഏകദേശം 5,000 കാണികൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. മികച്ച ഡിസൈൻ, മോഡേൺ എയർ കണ്ടീഷനിംഗ്, ലൈറ്റിംഗ്, സൗണ്ട് സിസ്റ്റങ്ങൾ എന്നിവയോടൊപ്പം കളിക്കാർക്കുള്ള മുറികൾ, മീഡിയ സ്‌പെയ്‌സുകൾ, ഫാൻ ലോഞ്ചുകൾ എന്നിവ ഉൾപ്പെടുന്നു.
രണ്ട് വേദികളിലും ബൂത്തുകൾ, എക്‌സിബിഷനുകൾ, ഇന്ററാക്റ്റിവ് ആക്റ്റിവിറ്റിസ് എന്നിവ പോലുള്ള വിനോദ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മെട്രോ പോലുള്ള പൊതുഗതാഗതമാർഗ്ഗം ഉപയോഗിച്ച് ഈ വേദികളിലെത്താം. സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം