രാജ്യത്ത് ഇന്ന് താപനില കുറയും. അബുദാബിയില്‍  17 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍  18 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില കുറയാം.

അബുദാബി: യുഎഇയില്‍ ഇന്ന് അന്തരീക്ഷം മേഘാവൃതം ആയിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മേഘങ്ങള്‍ കൂടിച്ചേര്‍ന്ന് മഴയ്ക്കുള്ള സാധ്യതയും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില ഭാഗങ്ങളില്‍ തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

രാജ്യത്ത് ഇന്ന് താപനില കുറയും. അബുദാബിയില്‍ 17 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 18 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില കുറയാം. എമിറേറ്റ്‌സില്‍ ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസും 28 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. രാത്രിയിലും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈര്‍പ്പമേറിയതായി അനുഭവപ്പെടും. നേരിയതും മിതമായ കാറ്റും വീശും. 

Read More - ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി; യുഎഇയില്‍ പ്രവാസി മെക്കാനിക്കിന് മുകളില്‍ കാര്‍ വീണ് ദാരുണാന്ത്യം

സൗദിയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദ്, മദീന, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. തബൂക്ക് ഹൈറേഞ്ചുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ഹായില്‍, മദീന എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും. സൗദിയില്‍ കഴിഞ്ഞ ആഴ്ചയും പല പ്രദേങ്ങളില്‍ മഴ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് സൗദിയിലെ ചില സ്‌കൂളുകള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. 

Read More - ലോകകപ്പ് വിജയാഘോഷത്തിനിടെ ദുബൈയില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു

സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.