വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

ലണ്ടന്‍: എറണാകുളം സ്വദേശിയായ മലയാളി യുവാവ് ലണ്ടനില്‍ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളിനഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍ (37) ആണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ മരിച്ചത്. ഒപ്പം താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റാണ് അരവിന്ദ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒപ്പം താമസിച്ചിരുന്ന 20 വയസുകാരനായ മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെ താമസിച്ചിരുന്ന മറ്റ് രണ്ട് പേരെയും ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചിപ്പിച്ചു.

പെക്കാമിലെ കോള്‍മാന്‍ വേ ജംഗ്ഷന് സമീപം സൗതാംപ്റ്റണ്‍ വേയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അരവിന്ദ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. പുലര്‍ച്ചെ 1.36ന് ഒരാള്‍ക്ക് കുത്തേറ്റെന്നും അടിയന്തിര സഹായം വേണമെന്നും ആവശ്യപ്പെട്ട് പൊലീസിന് ഫോണ്‍ കോള്‍ ലഭിച്ചു.

പൊലീസും പരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി മെഡിക്കല്‍ സഹായം എത്തിച്ചെങ്കിലും അപ്പോഴേക്കും അരവിന്ദ് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പത്ത് വര്‍ഷത്തോളമായി യുകെയിലുള്ള അരവിന്ദ് മലയാളികളായ ഏതാനും യുവാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അരവിന്ദിന് കുത്തേറ്റതിന് പിന്നാലെ മറ്റ് രണ്ട് യുവാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ ഒരു കടയില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read also:  മയക്കുമരുന്ന് ഉപയോഗവും കള്ളക്കടത്തും; സ്‍ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ ഖത്തറില്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player