Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ യുവാവ് അമ്മയെയും ട്രാഫിക് പൊലീസുകാരനെയും കുത്തിക്കൊന്നു; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച് പൊലീസ്

മഹ്‍ബുലയിലെ ട്രാഫിക് സിഗ്‍നലിന് സമീപം നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു പൊലീസുകാരനെ പ്രതി കുത്തിക്കൊന്നത്. ശേഷം പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് കൈക്കലാക്കി ഇയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. 

young man killed his mother and police officer in kuwait
Author
Kuwait City, First Published Jun 29, 2021, 2:13 PM IST

കുവൈത്ത് സിറ്റി: സ്വന്തം അമ്മയെയും ട്രാഫിക് പൊലീസുകാരനെയും കൊലപ്പെടുത്തിയ യുവാവ് പൊലീസുമായുള്ള ഏറ്റമുട്ടലില്‍ മരിച്ചു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സിറിയന്‍ വംശജനായ യുവാവ് കുവൈത്ത് സ്വദേശിയായ തന്റെ മാതാവിനെ അല്‍ ഖുസൂറില്‍ വെച്ചാണ് കുത്തിക്കൊന്നത്.

കൊലപാതകം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മഹ്‍ബുലയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കുത്തേറ്റ് മരിച്ചത്. ലഭ്യമായ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരാളാണെന്ന് പൊലീസ് കണ്ടെത്തിയത്.

മഹ്‍ബുലയിലെ ട്രാഫിക് സിഗ്‍നലിന് സമീപം നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു പൊലീസുകാരനെ പ്രതി കുത്തിക്കൊന്നത്. ശേഷം പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് കൈക്കലാക്കി ഇയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതിയെ കണ്ടെത്താനായി പൊലീസ് വ്യാപക പരിശോധന തുടങ്ങി.

വഫ്റയിലെ കൃഷിസ്ഥലത്തുവെച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. ഇയാളുടെ കൈവശം ആയുധമുള്ളത് മനസിലാക്കി കരുതലോടെയായിരുന്നു  പൊലീസിന്റെ നീക്കം. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ ഇയാള്‍ പൊലീസിന് നേരെ വെടിവെച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിക്ക് വെടിയേറ്റു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അബ്‍ദുല്‍ അസീസ് അല്‍ റഷീദിയുടെ വിയോഗത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അനുശോചനം രേഖപ്പെടുത്തി. കിരീടാവകാശി ശൈഖ് മിഷ്അല്‍ അല്‍ അഹമ്മദ്  അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവരും അനുശോചിച്ചു.

ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് കുവൈത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി സ്ഥാനമൊഴിയണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സുലൈബിക്കാത്തില്‍ ഖബറടക്കി.

Follow Us:
Download App:
  • android
  • ios