Asianet News MalayalamAsianet News Malayalam

മലബാര്‍ ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും? തെരഞ്ഞെടുപ്പ് ചിത്രത്തിന്റെ ഏറ്റവും പുതിയ വിശകലനം...

ഇടതുമുന്നണിയുടെയും മുസ്ലീം ലീഗിന്റെയും ശക്തികേന്ദ്രങ്ങളാണ് മലബാറിലെ പല സീറ്റുകളും. എന്നാല്‍ സീറ്റ് ചര്‍ച്ച നടന്നപ്പോള്‍ തന്നെ ലീഗിലും സിപിഎമ്മിലും പ്രശ്‌നങ്ങളുണ്ടായി. സിപിഎം നേതൃത്വത്തെ പോലും ഞെട്ടിച്ച് പി ജയരാജന് വേണ്ടി അണികളുടെ മുറവിളിയുമുയര്‍ന്നു. എന്താണ് മലബാറിലെ സാഹചര്യം? വിശകലനവുമായി ചേരുകയാണ് റീജിയണല്‍ എഡിറ്റര്‍ ഷാജഹാന്‍

north kerala assembly election analysis before candidate lists comes
Author
Trivandrum, First Published Mar 6, 2021, 11:33 PM IST

പതിവില്ലാത്ത വിധം സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന ഒരു സാഹചര്യമാണ് പട്ടിക ഏറെക്കുറെ അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ ഉണ്ടായിരിക്കുന്നത്. കണ്ണൂരില്‍ പി ജയരാജനെ അനുകൂലിക്കുന്നവര്‍ ഫേസ്ബുക്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ത്തി. ഒപ്പം തന്നെ അദ്ദേഹത്തിന്റെ അടുത്ത അനുയായിയും, അദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് നിയോഗിച്ചയാളുമായ എന്‍ ധീരജ് കുമാര്‍ എന്ന, പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മറ്റിയംഗം പ്രതിഷേധവുമായി എത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിത്വം രാജി വച്ചാണ് ധീരജ് കുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ധീരജ് കുമാറിനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. 

കണ്ണൂരില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം ഉണ്ടാകുമെന്നുള്ള സൂചനകള്‍ക്കിടെയാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഇതിനിടെ പി ജയരാജനാകട്ടെ ഫേസ്ബുക്കിലെത്തുകയും അതിനുള്ള ഒരു വിശദീകരണം നല്‍കുകയും ചെയ്തു. തന്റെ അറിവോടെയല്ല ഈ പ്രതിഷേധങ്ങള്‍ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പക്ഷേ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക്പ്രതികരണം നല്‍കാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല. 

പൊന്നാനിയിലാണ് മറ്റൊരു പ്രതിഷേധമുണ്ടായിരിക്കുന്നത്. അവിടെ ശ്രീരാമകൃഷ്ണന് പകരം നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് ശക്തമായ പ്രതിഷേധമുള്ളത്. നന്ദകുമാര്‍ പാടില്ല, പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിട്ടുള്ള സിദ്ധീഖിനെ മത്സരിപ്പിക്കണമെന്ന തരത്തിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഏതായാലും ജില്ലാ ഭാരവാഹികള്‍ ഇതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനകളുണ്ടാകുമെന്ന പ്രതീക്ഷയിലാണുള്ളത്. 

ഒപ്പം കുറ്റ്യാടിയില്‍, പരസ്യപ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയും തെളിയുന്നു. കുറ്റ്യാടിയില്‍ കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ മറികടന്നുകൊണ്ട്, അല്ലെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കാനായി സീറ്റ് മാണി കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നു എന്നുള്ളതാണ് ഒരു പ്രധാനപ്പെട്ട പ്രശ്‌നം. ഇതോടെ അവിടെ നേതാക്കളെയടക്കം ചോദ്യം ചെയ്യുന്നൊരു സാഹചര്യം ഉണ്ടായിട്ടുണ്ട്. 

കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ സമാനമായ രീതിയിലുള്ള പ്രതിഷേധമുണ്ട് എങ്കില്‍ പോലും ഏതെങ്കിലും തരത്തില്‍ പരസ്യമായി ഒരു പ്രതികരണവും ഒരു സ്ഥലത്തും ഉണ്ടായിട്ടില്ല. 

എല്‍ജെഡിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അവര്‍ക്ക് മൂന്നോ നാലോ സീറ്റുകള്‍ മാത്രമാണുള്ളത്. ഇക്കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല. കല്‍പറ്റയില്‍ അവര്‍ നേരത്തേ നിയോഗിക്കുമെന്ന് പറഞ്ഞിട്ടുള്ള പി കെ അനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കില്ല എന്ന സൂചനയാണുള്ളത്. 

ലീഗ് യോഗം നാളെയാണ് ചേരുന്നത്. ലീഗിന്റെ മിക്ക മണ്ഡലങ്ങളിലും ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സാധ്യതകള്‍ വിലയിരുത്തപ്പെട്ടിരുന്നു.  പ്രത്യേകിച്ച് കാസര്‍കോട്, താനൂര്‍ പോലുള്ള സീറ്റുകളില്‍ യുവനേതാക്കളെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പാണക്കാട്ട് ഭാരവാഹികളെത്തുന്ന കാഴ്ചയും നാം കണ്ടു. അതുകൊണ്ട് ഇപ്പോള്‍ സീറ്റ് പട്ടിക അന്തിമമായിട്ടില്ലെന്നുള്ള വിശദീകരണം മാത്രമാണ് ലീഗ് നേതാക്കള്‍ നല്‍കുന്നത്. 

വടകരയില്‍ ആര്‍എംപിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായ പ്രതിഷേധം കോണ്‍ഗ്രസിന്റെ പ്രാദേശിക ഭാരവാഹികള്‍ നടത്തുന്നുണ്ട്. ആര്‍എംപിയുമായി പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ധാരണയിലെത്തിയിട്ടില്ലെന്നുമുള്ള വിശദീകരണമാണ് നല്‍കുന്നത്. ഏതായാലും ആര്‍എംപിയെ തടയിടാനാണ് വടകരയിലെ സ്ഥാനാര്‍ത്ഥിമോഹികളുടെ നീക്കമെന്നാണ് സൂചന.

ഇടതുമുന്നണിയുടെ പട്ടിക കൂടി വിലയിരുത്തിയ ശേഷമായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ്. കോണ്‍ഗ്രസില്‍ ഒരിടത്തും കൃത്യമായൊരു ധാരണയിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. മിക്ക സീറ്റുകളിലും തര്‍ക്കമുണ്ട്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ രംഗത്ത് വന്നിരിക്കുന്നത് ഉദുമയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കമാണ്. അത് ഫേസ്ബുക്കില്‍ ഒരു പോരായി രണ്ട് പക്ഷം ഉയര്‍ത്തുന്നൊരു കാഴ്ചയും കാണുന്നുണ്ട്. 

കണ്ണൂരും പൊന്നാനിയും അടക്കമുള്ള സീറ്റുകളിലേക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ തര്‍ക്കമുണ്ട്. ഒപ്പം മലപ്പുറം ജില്ല ഉള്‍പ്പെടെ മറ്റ് ജില്ലകളിലും സമാനമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാഹചര്യമുണ്ട്. പ്രത്യേകിച്ച് കോഴിക്കോട് ജില്ലയില്‍ ഒന്നിലേറെ സീറ്റുകളില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. 

സാധാരണഗതിയില്‍ യുഡിഎഫില്‍ മാത്രമാണ് തര്‍ക്കമെങ്കില്‍ ഇത്തവണ എല്‍ഡിഎഫിലും തര്‍ക്കമുണ്ടാകുന്നു എന്നുള്ളതാണ്. പക്ഷേ, അത്ര കണ്ട് പരസ്യമായ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാഹചര്യങ്ങളില്ല. 

ബിജെപിയാകട്ടെ, ഏറെക്കുറെ ധാരണയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രന്‍ നയിക്കുന്ന ജാഥ പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനമുണ്ടാവുകയുള്ളൂ എന്നതാണ്. ഏതായാലും മൂന്ന് മുന്നണികളിലും ഏറെക്കുറെ അന്തിമഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ധാരണ എന്നുവേണമെങ്കില്‍ പറയാം. പക്ഷേ ഇടതുമുന്നണി പതിവില്ലാത്ത വിധം പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു കാഴ്ച കൂടിയുണ്ട്. 

 

Also Read:- മദ്ധ്യകേരളം യുഡിഎഫിനെ തുണയ്ക്കുമോ? തെരഞ്ഞെടുപ്പ് ചിത്രത്തിന്റെ ഏറ്റവും പുതിയ വിശകലനം...

Follow Us:
Download App:
  • android
  • ios