Asianet News MalayalamAsianet News Malayalam

കാഴ്ച, കളികൾ, കണക്കുകൂട്ടലുകൾ; ധർമ്മടത്ത് സംഭവിച്ചതെന്ത്? 'കളമറിയാൻ' കണ്ട അപൂർവ്വനിമിഷങ്ങൾ, ഒരു തുറന്നെഴുത്ത്

'കളമറിയാൻ' യാത്ര ഒരാഴ്ച പിന്നിടുമ്പോൾ, യാത്ര തുടങ്ങിയ ധർമ്മടത്തെ പിണറായിയിലെ കാഴ്ചകളെക്കുറിച്ചാണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ സുരേഷ്കുമാറിന്‍റെ ഇലക്ഷൻ ഡയറിയിലെ ആദ്യ ഭാഗത്ത് പറയുന്നത്. അഞ്ച് വര്‍ഷം കേരളം ഭരിച്ച പിണറായി വിജയനെതിരെ എന്തുകൊണ്ട് കോണ്‍ഗ്രസിന് ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്താനായില്ലെന്നും അത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിച്ചേക്കാം എന്നും സുരേഷ്കുമാ‍ർ വിവരിച്ചിട്ടുണ്ട്

pg suresh kumar kalamariyan program election diary
Author
Dharmadom, First Published Mar 20, 2021, 11:16 PM IST

തിരഞ്ഞെടുപ്പ് ചൂട് കേരളമാകെ നിറയുമ്പോൾ 'കളമറിയാൻ' ഏഷ്യാനെറ്റ് ന്യൂസിന്‍റെ യാത്രയും തുടരുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ കളികളും കാഴ്ചകളും കണക്കുകൂട്ടലുകളും തൊട്ടറിയുന്ന യാത്രയിലുടനീളം വിശേഷങ്ങള്‍ വരച്ചുകാട്ടുന്ന ഏഷ്യാനെറ്റ്‌ ന്യൂസ്‌ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ  പിജി സുരേഷ്കുമാർ ആ അനുഭവങ്ങള്‍ തുറന്നെഴുതുകയാണ്. ഒരോയിടങ്ങളിലെയും സവിശേഷ നിമിഷങ്ങള്‍  ഇലക്ഷൻ ഡയറി എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ വായിക്കാം.

'കളമറിയാൻ' യാത്ര ഒരാഴ്ച പിന്നിടുമ്പോൾ, യാത്ര തുടങ്ങിയ ധർമ്മടത്തെ പിണറായിയിലെ കാഴ്ചകളെക്കുറിച്ചാണ് സുരേഷ്കുമാറിന്‍റെ ഇലക്ഷൻ ഡയറിയിലെ ആദ്യ ഭാഗത്ത് പറയുന്നത്. അഞ്ച് വര്‍ഷം കേരളം ഭരിച്ച പിണറായി വിജയനെതിരെ എന്തുകൊണ്ട് കോണ്‍ഗ്രസിന് ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്താനായില്ലെന്നും അത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിച്ചേക്കാം എന്നും സുരേഷ്കുമാ‍ർ വിവരിച്ചിട്ടുണ്ട്.

ഇലക്ഷൻ ഡയറി ഇവിടെ തുടങ്ങുന്നു.... ആദ്യ ഭാഗം

പിണറായിയിൽ തുടങ്ങി പിണറായിയിൽ ഒടുങ്ങുമോ? അതോ പിണറായിയിലൂടെ ചരിത്രം തിരുത്തി തുടരുമോ? ഒരാഴ്ചത്തെ യാത്ര തുടങ്ങിയത് ധർമ്മടത്തുനിന്നാണ്. പാറപ്പുറം സമ്മേളനത്തിൻറെ ചരിത്ര സ്തൂപത്തിനുമുന്നിൽ നിന്ന് ആമുഖം പറഞ്ഞ് തുടങ്ങിയപ്പോൾ മനസിൽ വന്ന ചോദ്യം. രണ്ടാഴ്ചക്കകം ജനം അതിനുത്തരം നൽകും. പക്ഷേ അതിലുമെന്നെ ആശ്ചര്യപ്പെടുത്തിയത് ഇന്നോളം തെരഞ്ഞെടുപ്പ് രംഗത്ത് കണ്ടിട്ടില്ലാത്ത കാഴ്ചകളാണ്, കളികളാണ്, കണക്കുകൂട്ടലുകളാണ്. മനസിലുടക്കിയ കാഴ്ചകൾ തുറന്നെഴുതുകയാണ് ഇവിടെ ഇന്നുമുതൽ.

ആദ്യമെത്തിയത് പിണറായിവിജയന്‍റെ വീട്ടിലാണ്. മുൻകൂട്ടി അനുമതിയൊന്നും വാങ്ങിയിരുന്നില്ല. സിഎമ്മിനെ കാണണമെന്ന് സ്റ്റാഫിനോട് പറഞ്ഞ് കാത്തുനിന്ന് പത്തുമിനിട്ടായപ്പോഴാണ് അകത്തുനിന്ന് സിപിഐ നേതാവ് സിഎൻ ചന്ദ്രൻ പുറത്തേക്ക് വന്നത്. എന്നെ കണ്ടയുടൻ അദ്ദേഹം അകത്ത് വിളിച്ചിരുത്തി. സിഎം പത്തേകാലിന് ഇറങ്ങും അരമണിക്കൂർ കൂടി. ചന്ദ്രേട്ടൻ അകത്ത് പോയി പറഞ്ഞു. സിഎം വന്നു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹത്തെ ഒറ്റക്ക് കാണുന്നത്. വിശേഷങ്ങൾ തിരക്കി. പ്രചരണ പരിപാടികൾ സ്ഥലങ്ങൾ ഒക്കെ വിശദമാക്കി. എൻറെ യാത്രയെക്കുറിച്ച് ചോദിച്ചു. എങ്ങനെയുണ്ട് സിഎം എന്ന ചോദ്യത്തിന് ഒരു ചിരിയോടെ "നന്നായിപ്പോകുന്നു... നിങ്ങക്കല്ലെ കൂടുതലറീക.. "  എന്ന് പറഞ്ഞ് നിറുത്തി. രണ്ട് വാക്ക് ക്യാമറയിലായാലോ ഇറങ്ങുമ്പോൾ എന്ന ചോദ്യത്തിന് ചിരിയോടെ അപ്പോത്തന്നെ മറുപടി. "ഇപ്പോ വേണ്ട, നോമിനേഷൻ കൊടുത്തിട്ട് അവിടെക്കാണാം."  10.14 ന് എഴുന്നേറ്റു. വീണയും കമലടീച്ചറും ചെറുമകനും ചേർന്ന് യാത്രയാക്കി. നേരെ ഡിസിയിലേക്ക്. ഒപ്പം സിഎൻ ചന്ദ്രനുമുണ്ട്.

നോമിനേഷൻ കൊടുക്കുന്നതിന് മുമ്പേ പിണറായി വിജയൻ മണ്ഡലത്തിലെ പ്രചരണം പൂർത്തിയാക്കി. പട്ടികവരും മുമ്പേ വോട്ട് ചോദിച്ച മുഖ്യമന്ത്രി ആറുദിവസം മണ്ഡലത്തിൽ. പത്രികയും നൽകി ഒരുദിവസത്തിന് ശേഷം സംസ്ഥാന പര്യടനത്തിലേക്ക്.
തിരിച്ചിറങ്ങി മണ്ഡലം ചുറ്റുമ്പോൾ കണ്ടത്. എല്ലാ പ്രധാനവഴികളും നിറയെ പിണറായിയുടെ ഫ്ളെക്സുകൾ. ഇടക്ക് ഭരണനേട്ടം വ്യക്തമാക്കുന്ന കൂറ്റൻ ബോർഡുകൾ. പിണറായി നാമനിർദ്ദേശ പത്രിക കൊടുക്കുമ്പോഴും എതിരാളി ആരെന്നുറപ്പില്ല. 
യുഡിഎഫിൽ ദേവരാജന് വയ്യ, ഫോർവേഡ് ബ്ളോക്കിന് വേണ്ട. സുധാകരനെ തളക്കാൻ നോക്കി നടന്നില്ല. വാളയാറമ്മക്ക് പിന്തുണ വേണോ വേണ്ടയോ എന്ന് തർക്കം. ഒടുവിൽ ഗോദയിലിറങ്ങിയവന് മുല്ലപ്പള്ളി വക സമ്മാനവും... ഞാനറിഞ്ഞതല്ല. 

നനവുള്ള സീറ്റുകൾ കുഴിക്കാനുള്ള കലഹത്തിനിടെ യുഡിഎഫും കോൺഗ്രസ്സും അവരുടെ രാഷ്ട്രീയം മറന്നുപോയതിന്‍റെ ഉദാഹരണം ധർമ്മടത്തുനിന്ന് തുടങ്ങുകയാണ്. അഞ്ച് വർഷം നേർക്കുനേർ പോരാടിയ പിണറായിക്കെതിരെ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനാവാത്ത തമ്മിൽപ്പോര്. തലശ്ശേരിയിൽ ഉണ്ണിത്താനെയും മലമ്പുഴയിൽ പാച്ചേനിയെയും ലതികയെയുമൊക്കെ ഇറക്കിയ കോൺഗ്രസ്സ് ഇത്തവണ അവരുടെ രാഷ്ട്രീയത്തെ അധികാരക്കസേരകളിയിൽ കുഴിച്ചുമൂടി. തമ്മിൽപ്പോരിൽ തളച്ചു. ധർമ്മടത്ത് നാടകം, മട്ടന്നൂരിൽ ആർഎസ്പി വഴിപാട്. തവനൂരിൽ അവസാനം വരെ അനിശ്ചിതത്വം. ആർക്കെതിരെയായിരുന്നോ നിങ്ങളുടെ കുരിശുയുദ്ധം അവർക്കെതിരെ ഒരു രാഷ്ട്രീയപ്പോരാട്ടം പോലും പ്രഖ്യാപിക്കാൻ കഴിയാത്തിടത്ത് തുടങ്ങുന്നു കോൺഗ്രസിന്‍റെ തിരിച്ചടി...
തുടരും....

 

Follow Us:
Download App:
  • android
  • ios