ഒരാള്‍ക്ക് ഒരു പിഴവ് പറ്റും. പിന്നാലെ വരുന്നവര്‍ അത് പിന്തുടരും അങ്ങനെയാണ് ശബരിമലയില്‍ ഇന്ന് കാണുന്ന അനാചാരങ്ങളുടെയെല്ലാം പിറവി. മാണികപ്പുറത്ത് നട തുറന്നാല്‍ സോപാനത്തിനും ശ്രീകോവിലിനും മുകളിലേക്ക് ഭക്തര്‍ തുരുതുര തുണികളെറിയും. ചിലര്‍ കയ്യിലുള്ളതെല്ലാം വലിച്ചെറിയും. ഇത് എന്ത് ആചാരണമാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. ഇതു കാരണം മണിക്കൂറുകള്‍കൊണ്ട് സോപാനം മാലിന്യ കൂമ്പാരമായി മാറും. ഉടയാട സമര്‍പ്പണത്തെയാണ് അനാചാരക്കാര്‍ ഇങ്ങനെ വികൃതമാക്കിയത് മേല്‍ശാന്തിപറയുന്നു. 

മാളികപ്പുറത്തെ മറ്റൊരു അനാചാരമാണ് അരയാല്‍ നിറയെ തൊട്ടിലുകള്‍ കെട്ടിവെയ്ക്കുന്നത്. സന്താന ഭാഗ്യത്തിനാണെന്നാണ് കെട്ടുന്നവര്‍ പറയുന്നത്. പക്ഷ അങ്ങനെ ഒരു ആചാരവും ഇവിടെയില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി പറയുന്നു. മണിമണ്ഡപമാണ് മറ്റൊരു അനാചാരത്തിന്റെ കേന്ദ്രം. അയ്യപ്പന്‍ ആദ്യം വന്നിരുന്നുവെന്ന സങ്കല്‍പ്പത്തില്‍ മണികെട്ടല്‍ എന്ന പരമ്പരാഗത ആചാരമുണ്ടിവിടെ. പക്ഷെ ആരും മണികെട്ടില്ല പകരം മണ്ഡപത്തെ ഭസ്തമം കൊണ്ടുമൂടുകയാണ്. ചിലര്‍ സ്വയം പൂജതന്നെ നടത്തും. കാണിക്കവഞ്ചിക്ക് മുകളില്‍ മഞ്ഞള്‍ നിറയ്‌ക്കുക, മരത്തില്‍ കറുപ്പ് കച്ചകെട്ടുക, അങ്ങനെ നീളുന്നു അനാചാരപ്പട്ടിക. ഇത്തരം അനാചാരങ്ങളുടെയെല്ലാം ഫലം ഇന്ന് കാണുന്ന മാലിന്യ കൂമ്പാരമാണ്.