അപ്പീലുകള്‍ കുറച്ച് മേളയുടെ നടത്തിപ്പ് സുഗമമാക്കുവാനുള്ള നീക്കങ്ങള്‍ പാളുന്ന കാഴ്‌ചയാണ് ആദ്യ ദിവസം പിന്നിടുമ്പോള്‍ കണ്ണൂരില്‍ നിന്നും കാണുന്നത്. കാര്യമായ മത്സരങ്ങള്‍ ഇല്ലാഞ്ഞിട്ടും ആദ്യ കലോത്സവ രാവില്‍ എത്തിയത് 270 അപ്പീലുകള്‍. ഇതില്‍ 106 എണ്ണം അതിഥേയ ജില്ലയില്‍ നിന്നു തന്നെയാണ് എന്നതാണ് ശ്രദ്ധേയം. ഹയര്‍സെക്കന്ററിയില്‍ നിന്നും 91, ഹൈസ്‌കൂളില്‍ 75 വീതവും അപ്പീലുകള്‍ കണ്ണൂരില്‍ നിന്നും എത്തിയെന്നത് ശ്രദ്ധേയം. കലോത്സവ വേദി അടുത്തയതിനാല്‍ കണ്ണൂരിലെ റവന്യൂജില്ലയില്‍ യോഗ്യത കിട്ടാത്ത സ്‌കൂളുകള്‍ അപ്പീല്‍ വ്യാപകമായി നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത.
അപ്പീലുകളുമായി പലരും എത്തിയതോടെ സമയക്രമം തെറ്റി. ആദ്യദിനത്തില്‍11 മണിക്കുള്ളില്‍ മത്സരങ്ങള്‍ തീര്‍ക്കാനിരുന്ന സംഘാടകര്‍ക്ക് 33 ശതമാനം മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്. അപ്പീല്‍ നിയന്ത്രിക്കാന്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത് എന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറടക്കമുള്ളവര്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറഞ്ഞത്. എന്നാല്‍ ഇത് ആദ്യദിനത്തില്‍ തന്നെ പാളി എന്നതാണ് സത്യം.
