പാട്ടിനും ചുവടിനും മുദ്രകള്‍ക്കും പ്രാധാന്യമുള്ള ഭരതനാട്യമത്സരം. മൂന്നാം വേദിയായ കബനിയില്‍ നിറഞ്ഞാടുന്നതിനിടയിലാണ് അരുണ്‍‍ അശോകിന്റെ നൃത്തത്തിന്റെ സംഗീതം നിന്നത്. പാട്ട് നിന്ന് പോയിട്ടും, പരിഭ്രമിക്കാതെ മുഴുവന്‍ ആടിത്തീര്‍ത്ത കുട്ടിക്കായി എഴുന്നേറ്റുനിന്ന് സദസിന്റെ കയ്യടി. സാങ്കേതികപ്പിഴവ് മൂലം ഉണ്ടായ പ്രശ്നം പരിഹരിക്കാന്‍ എല്ലാമത്സരാര്‍ത്ഥികളുടെയും ഊഴം കഴിഞ്ഞ് ഒരിക്കല്‍ കൂടി ‍അരുണ്‍ വേദിയിലെത്തി. 

ഭരതനാട്യത്തില്‍ മറ്റൊരു രസകരമായ സംഭവം നടന്നത് ഹിന്ദി കീര്‍ത്തനത്തിന് ചുവടുവച്ചാണ് കണിമംഗലം സ്കൂളില്‍ നിന്നുള്ള അശ്വിന്‍ ആസ്വാദകരുടെ കയ്യടിനേടിയത്. സ്ഥിരമായി ഗണപതി സ്തുതികള്‍ തുടങ്ങുന്ന ഭരതനാട്യം വേദിയെ അത്ഭുതപ്പെടുത്തിയാണ് അശ്വിന്‍റെ പെര്‍ഫോമന്‍സ്. 

പൊതുവെ തമിഴോ തെലുങ്കോ തില്ലാനയും കീര്‍ത്തനവുമായി മത്സരാര്‍ത്ഥികള്‍ വേദിയിലെത്തുമ്പോഴാണ് ഹിന്ദി കീര്‍ത്തനവുമായി അശ്വിന്‍ വ്യത്യസ്തനായത്. കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു അശ്വിന്‍. നൃത്തത്തില്‍ അശ്വിന്റെ ഗുരുവും സഹോദരന്‍ തന്നെയാണ്.

മത്സരത്തില്‍ സെന്‍റ് മേരീസ് എച്ച്എസ്എസ് എടൂരിലെ നന്ദകുമാര്‍ ആര്‍ ആണ് ഒന്നാം സ്ഥാനം നേടിയത്. പെരളശ്ശേരി സ്കൂളിലെ സായ്നാഥ് മോന്‍ ആണ് രണ്ടാം സ്ഥാനം.