വിപിന്‍ പാണപ്പുഴ

സമഗ്രമായ മാറ്റത്തിന്‌ ഒരുങ്ങി കേരള സ്‌കൂള്‍ കലോത്സവം. അടുത്ത വര്‍ഷത്തില്‍ തന്നെ ഇപ്പോഴുള്ള പലരീതികളും മാറ്റുന്ന രീതിയില്‍ കലോത്സവം മാറിയേക്കും എന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ നല്‍കുന്ന സൂചന. കലോത്സവത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ ഇന്നലെ വിദ്യാഭ്യാസ മന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള കൂടികാഴ്‌ച നടന്നു. നൂതനമായ ചില ആശയങ്ങളാണ്‌ ഈ കൂട്ടിക്കാഴ്ചയില്‍ പങ്കുവയ്‌ക്കപ്പെട്ടത്‌. ഇവയെല്ലാം ശ്രദ്ധിക്കാനും പഠിക്കാനും പ്രയോഗികമായവ നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമെന്ന്‌ വിദ്യഭ്യാസ മന്ത്രി പ്രഫ.രവീന്ദ്രനാഥ്‌ യോഗത്തില്‍ പറഞ്ഞു.

മത്സരാര്‍ത്ഥികളുടെ ബാഹുല്യമാണ്‌ നലിവില്‍ മേളയുടെ പ്രധാന പ്രശ്‌നം. ഇത്‌ പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജിയിക്കുന്നില്ല എന്നാണ്‌ അപ്പീലുകളുടെ ഇതുവരെയുള്ള എണ്ണം തെളിയിക്കുന്നത്‌. ഇത്‌ മറികടക്കാന്‍ കേരളത്തെ മൂന്ന്‌ സോണുകളായി തിരിച്ച്‌ ഒരു സോണല്‍ കലോത്സവം കൂടി നടത്തണം എന്നാണ്‌ യോഗത്തില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്‌.

ഇത്‌ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു എന്നാണ്‌ സൂചന. ഇതോടൊപ്പം കലോത്സവത്തിന്‍റെ മാധ്യമ കവറേജിന്റെ ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനയുണ്ട്‌. മത്സരക്രമം, വിധിനിര്‍ണ്ണയം, സംഘാടനം എന്നിവയില്‍ സമഗ്രമായ അഴിച്ചുപണിക്കുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തേടി.