കണ്ണൂര്‍: അനര്‍ഘ എന്ന നര്‍ത്തകി കണ്ണൂര്‍ കലോത്സവം തുടങ്ങും മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റവന്യു-ജില്ലാ തലത്തില്‍ വിധിനിര്‍ണ്ണയത്തില്‍ നടക്കുന്ന കള്ളക്കളികള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിച്ചതാണ് അനര്‍ഘയെ ശ്രദ്ധേയയാക്കിയത്. നാലാഞ്ചിറ സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അനര്‍ഘ. മുഖ്യമന്ത്രിയുടെ ഇടപെടലാണ് അനര്‍ഘയെ സംസ്ഥാന കലോല്‍സവവേദിയില്‍ എത്തിച്ചത്. അവിടെ അനര്‍ഘ തകര്‍ത്താടി കേരളനടനത്തില്‍ എ ഗ്രേഡുനേടി.

കലോത്സവത്തില്‍ ഒരുപാട് പേര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ടാകുമെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് അനര്‍ഘയെയാണ്. അനര്‍ഘ ഇപ്പോഴും പറയുന്നു, ഈ കലോത്സവത്തിന് എത്താനും സമ്മാനം നേടാനും കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ്.

ശരിക്കും കഥ ആരംഭിക്കുന്നത് കഴിഞ്ഞ കൊല്ലത്തെ കലോത്സവത്തിലാണ്. സംസ്ഥാനത്ത് എ ഗ്രേഡോടെ കേരള നടനത്തില്‍ രണ്ടാംസ്ഥാനം നേടിയ അനര്‍ഘയെ ഇത്തവണ ഉപജില്ലാതലം പോലും കടത്തില്ലെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഉപജില്ലാ തലത്തില്‍ തന്നെ നടക്കുവാനും തുടങ്ങി. പിന്നീട് ജില്ലാ കലോത്സവത്തില്‍ അനര്‍ഘയെ കലോത്സവ മാഫിയ തഴഞ്ഞു.

ഇത്തരം ഒരു അവസ്ഥയിലാണ് അനര്‍ഘ മുഖ്യമന്ത്രിക്ക് ഒരു കത്ത് അയക്കുന്നത്. ഇത് മുഖ്യമന്ത്രി കാണുമോ എന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് അനര്‍ഘ തന്നെ പറയുന്നു. പിന്നീട് അനര്‍ഘയെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലേക്ക് വിളിച്ചുവരുത്തി. കലോത്സവത്തിലെ വിധിനിര്‍ണ്ണയ മാഫിയ തന്നെ എങ്ങനെ തഴഞ്ഞെന്ന് ആ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്ക് മുന്നില്‍ വിവരിച്ചു. എല്ലാം കേട്ട മുഖ്യന്‍ അനര്‍ഘയ്ക്ക് കണ്ണൂരിലേക്ക് പങ്കെടുക്കാന്‍ വഴിയൊരുക്കി.

ആ അവസരം വിനിയോഗിച്ചാണ് അനര്‍ഘ ഈ സമ്മാനം നേടിയത്. ഒന്നേകാല്‍ വയസുള്ളപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനര്‍ഘയെ വളര്‍ത്തിയതും പഠിപ്പിക്കുന്നതും നൃത്തത്തില്‍ പ്രോത്സാഹിപ്പിക്കുന്നതും അമ്മാവനായ പി രാധാകൃഷ്ണനാണ്. നാലഞ്ചിറയില്‍ ഓട്ടോ ഡ്രൈവറാണ് രാധാകൃഷ്ണന്‍. രണ്ട് പെണ്‍മക്കളോടൊപ്പം സ്വന്തം മകളായിത്തന്നെയാണ് രാധാകൃഷ്ണന്‍ അനര്‍ഘയെ വളര്‍ത്തിയത്. ഭാരിച്ച ചിലവുകള്‍ ഏറെയുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ തളര്‍ത്താറില്ല.