അനാഥ ജന്മങ്ങള്‍ എന്നതായിരുന്നു വിഷയം. പ്രതീക്ഷിക്കാത്ത വിഷയം എന്നൊരു അങ്കലാപ്പ് ആദ്യമേ പ്രാസംഗികരില്‍ നിഴലിച്ചിരുന്നു. എന്നാല്‍ മൈക്കിന് മുന്നില്‍ എത്തിയതോടെ കളി മാറി. വിഷയത്തെ വ്യത്യസ്ത കോണുകളിലൂടെ സമീപിച്ചു, പ്രാസംഗികപ്പട.
സമകാലികതയുടെ നെറികേടുകളെ തുറന്നുകാട്ടുന്നതായിരുന്നു ഇവരുടെ വാക്കുകള്‍. വൃദ്ധസദനങ്ങളും ആധുനിക കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും മുതല്‍ സര്‍ക്കാര്‍ നയങ്ങള്‍വരെ പ്രസംഗങ്ങളിലേക്ക് കയറിവന്നു. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ തെളിഞ്ഞുവന്നു. സൗമ്യയും ജിഷയും ഐലാന്‍ കുര്‍ദിയെന്ന സിറിയന്‍ ബാലനുമടക്കം പ്രസംഗങ്ങള്‍ക്ക് ഊര്‍ജമായി.
പ്രസംഗകലയുടെ ആചാര്യന്‍ സുകുമാര്‍ അഴീക്കോടിന്റെ ജന്മജില്ലയില്‍ നടന്ന മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടമാക്കിയത് അസാമാന്യമായ പ്രകടനമാണ് എന്ന് തെളിയിക്കുന്നതായിരുന്നു മത്സരഫലം. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളും എ ഗ്രേഡ് കരസ്ഥമാക്കി.
