Asianet News MalayalamAsianet News Malayalam

ഹാക്കിങ്: ഒന്നാം സ്ഥാനം നേടിയ കഥ

hacking short story by Kavyasree A
Author
Thiruvananthapuram, First Published Jan 19, 2017, 5:11 PM IST

തലക്കെട്ടിനു ചുവടെ നല്‍കിയ ചിത്രത്തിലൊന്നു സൂക്ഷിച്ചു നോക്കിപ്പോയതുകൊണ്ട് കണ്ണ് രണ്ടും നിറപാട. വലുതായുള്ള അക്ഷരങ്ങളും എന്തിന് അരപ്പേജ് നിറച്ച ജ്വല്ലറി പരസ്യം വരെ മങ്ങിപ്പോയി.

വൈകുന്നേരം, ഹൃദയബന്ധത്തിന്റെ, അങ്ങനെയൊന്നുണ്ടായിരുന്നോ? ആ... എന്തായാലും ഔപചാരികതയുടെ പേരില്‍ (അതെ, ഇതാണ് ശരിയായ പദപ്രയോഗം) അവന്റെ വീട്ടുമുറ്റത്ത് നിര്‍വികാരനായി നിന്നു.  മരണവീടിന് ഒട്ടും യോജിക്കാത്ത വിധം ശബ്ദമുഖരിതമായിരുന്നു അവിടം. മരണവീടുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍  ഗണ്യമായ കുറവുനേരിടുന്നതായി ഒറ്റനോട്ടത്തില്‍ കണ്ടെത്തി. ഉള്ളവരാകട്ടെ ശരീരം മാത്രമേയുള്ളു... കുറേ ചത്തശരീരങ്ങള്‍, അത്ഭുതം! കാണുന്നവര്‍ അവര്‍ക്ക്  ജീവനുണ്ടെന്ന് തെറ്റിദ്ധരിക്കുന്നു. അവ തൊടിയില്‍ തെണ്ടിത്തിരിഞ്ഞു. ഒറ്റയ്ക്കും ഒന്നിച്ചും അവര്‍ കയ്യിലിരുന്ന സ്‌ക്രീനില്‍ മാന്തി.. ആ കൈകളുടെ ചലനം ചുരമാന്തുന്ന പുലിയെ ഓര്‍മിപ്പിച്ചു. പക്ഷേ കണ്ണുകളില്‍ മുറ്റിനില്‍ക്കേണ്ട തീവ്രതയവരിലില്ല...

തലയോട്ടിയിലെ രണ്ടു കുഴികളെ പൂരിപ്പിയ്ക്കാനെന്നവണ്ണം അവയവിടെയുണ്ടായിരുന്നു എന്നു മാത്രം... ആശ്വാസമില്ലാതെ പണിയെടുപ്പിക്കുന്ന കോര്‍പറേറ്റ് കമ്പനിയാണ് ഉടമയെന്ന തിരിച്ചറിവില്‍ മാത്രം അവ തുറന്നു കിടന്നു. രണ്ടാമതൊരു നോട്ടത്തില്‍ അവ രണ്ടു കുഴികള്‍ മാത്രം ആയിരുന്നു, പീളകെട്ടി ചൈതന്യം നഷ്ടപ്പെട്ട എന്തോ ഒന്ന് അതിന്മേല്‍ തോലായിക്കിടന്നിരുന്നു എന്നതൊഴിച്ചാല്‍ ... ഈ വക ചിന്തകളുടെയവസാനത്തില്‍ ! ഞാനെന്റെ കണ്ണുകള്‍ തപ്പിനോക്കി.. അതവിടെയുണ്ടോ?

എല്ലാവരും മരിച്ച മാന്യദേഹത്തെ ഏതാണ്ട് പൂര്‍ണമായും മറന്നിരിക്കുന്ന സാഹചര്യത്തില്‍ ഞാനെന്റെ സാമൂഹ്യബോധത്തിന് പത്തിയുയര്‍ത്താന്‍ ഒരവസരം കൊടുത്തു. തൊട്ടടുത്ത നിമിഷം അടുത്തു നിന്നവന്റെ അടിയേറ്റ് പത്തി താണു. അത് മൂലയില്‍ ചുരണ്ടു കൂടി തല ശരീരത്തിലൊളിപ്പിച്ച് ഉറക്കമഭിനയിച്ചു. തിരിച്ച് വീട്ടിലേക്കുള്ള യാത്ര തീരുമാനിക്കും മുമ്പ് മനുഷ്യസഹജമായ ആകാംക്ഷ,ജിജ്ഞാസ,എന്തൂസിയാസം എന്തോ ഒന്ന് എന്നെയും പിടികൂടി അതെന്റെ കുറ്റമല്ലല്ലോ, ആദവും ഹവ്വയും തൊട്ടിങ്ങോട്ട് ഒളിക്യാമറയുമായി നടക്കുന്ന പുതിയവരുള്‍പ്പെടെ എല്ലാവര്‍ക്കും പ്രേരണ ഇന പ്രാകൃത വികാരമല്ലേ. മറ്റൊരര്‍ത്ഥത്തില്‍ ഇതല്ലെങ്കിലെന്താണ് ഇന്നീക്കാണുന്ന ശാസ്ത്രപുരോഗതിയുടെ മുഴുവന്‍ മാതാവ്...അപ്പോഴിത് ആധുനികമോ അതോ പ്രാചീനമോ? കാടുകയറേണ്ടെന്ന് മനസിനെ വിലക്കി ചിന്തയെ  വഴിതിരിച്ചു വിട്ടു.എന്നിട്ടും വഴിതിരിച്ചുവിടാന്‍ കെട്ടിയ ബണ്ടില്‍ ചിന്തകള്‍ വീണടിഞ്ഞ് ചളി നിറഞ്ഞു.

ആദവും ഹവ്വയും തൊട്ടിങ്ങോട്ട് ഒളിക്യാമറയുമായി നടക്കുന്ന പുതിയവരുള്‍പ്പെടെ എല്ലാവര്‍ക്കും പ്രേരണ ഇന പ്രാകൃത വികാരമല്ലേ

ശീലത്തിന്റെ ഭാഗമായി ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ന്യൂസ് ഫീഡ് വെറുതേ താഴേയ്ക്കും നീക്കിക്കൊണ്ടിരിക്കെ കൈ എവിടെയോ തട്ടി,ടച്ച് സ്‌ക്രീനല്ലേ.....യൗവ്വനദശയ്ക്കുശേഷം പഠിച്ച ഈ കുന്ത്രാണ്ടത്തില്‍ ഇപ്പോഴും ഒരു വിദഗ്ധനല്ല എന്ന് അറിയാവുന്നതുകൊണ്ട് ആ പിഴവൊരു പിഴവല്ലെന്ന് ആത്മഗതം ചെയ്തു. തുറന്നു വന്നത് അഭിപ്രായപ്രകടനത്തിനുള്ള ഒരു ചെടി ഇന്നിനെ ആകെ അവലോകനം ചെയ്ത് ഒരു പ്രതികരണം നടത്താമെന്നുറപ്പിച്ചു. ടൈപ്പ് ചെയ്തു.

'ശ്മശാനങ്ങള്‍ക്കു ജീവന്‍വെയ്ക്കുന്നത്

ഒരാള്‍ മരിക്കുമ്പോള്‍ മാത്രമാണ്....'കമന്റെഴുതി പോസ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു. സൈബര്‍ ലോകത്തിന്റെ വിശാലതയിലേക്ക് അതു പറന്നുപോയി..... ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ളവരിലേക്ക് ഞാനത് വലിച്ചെറിഞ്ഞു കൊടുത്തു. അപ്പോള്‍ തോന്നി ഇന്നു ശ്മശാനത്തിലിരുന്നവന്റെ കഥയെന്താണ്?അവന്റെ അക്കൗണ്ടിന് ആരാണിനിയുടമ?
അവനെപ്പോലെ ഇന്നുള്ള എഴുന്നൂറു കോടി മരിയ്ക്കുമ്പോള്‍ നാഥനില്ലാതെ എത്ര എക്കൗണ്ടുകള്‍ കിടക്കും. ഏത് പുരാവസ്തു ഗവേഷകനാവും അവയെ ചികഞ്ഞെടുക്കാന്‍ മിനക്കെടുക?

ശീലത്തിന്റെ ഭാഗമായി ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ന്യൂസ് ഫീഡ് വെറുതേ താഴേയ്ക്കും നീക്കിക്കൊണ്ടിരിക്കെ കൈ എവിടെയോ തട്ടി,ടച്ച് സ്‌ക്രീനല്ലേ....

അയ്യായിരം കടന്ന അവന്റെ ഫ്രണ്ട്‌സിന്റെ ലിസ്റ്റില്‍ പരതി. അവന്റെ വീട്ടില്‍ ഇന്നു കണ്ട അമ്പതുപേരുമായി വെറുതേ ഒന്നു താരതമ്യം ചെയ്തു. ഇതിലാരുമറിഞ്ഞു കാണില്ല ഇതൊന്നും അറിഞ്ഞെങ്കില്‍ തന്നെ എന്താണ്? അവര്‍ക്കെല്ലാമുള്ള അയ്യായിരമോ പതിനായിരമോ വരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ കുറഞ്ഞു. അത്ര തന്നെ .അവരവനെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയേക്കാം. ഇല്ലെങ്കില്‍ ജീവിച്ചിട്ടും ശംഖിന് കടല്‍ ഇടം കൊടുക്കുന്ന പോലെ അവന്റെ പുറന്തോടായി ഈ അക്കൗണ്ട് അതിന്റെയിടം നിലനിര്‍ത്തിയേക്കാം പുതുതായി ഒന്നുമായി മാറാതെ...

സൈബര്‍ ലോകത്തിലെങ്കിലും അവന് ജീവനുണ്ടായിക്കോട്ടെ, ഇതു കരുതി അവനുവേണ്ടി ഞാനൊരു പോസ്റ്റിട്ടു. ആരറിയാന്‍ ഇല്ലാത്ത എന്നാല്‍  ഉള്ള ഈ ലോകത്തില്‍ ഇത് അവന്റെ പേരില്‍ അടയാളപ്പെടുത്തപ്പെടും. എങ്കില്‍ ഇതുവരെ ഞാന്‍ ലൈക്കിട്ട,കമന്റെഴുതിയ പോസ്റ്റുകളില്‍ എത്രയെണ്ണം ഉടമകളുടേതാവും? ഇതിനോടകം ഈ കളവ് ആരെങ്കിലും പരീക്ഷിച്ചിരിക്കും. തീര്‍ച്ച.

'നിങ്ങളൊന്നും കഴിയ്ക്കുന്നില്ലേ.ചപ്പാത്തിയിരുന്ന് തണുക്കുന്നു'....ഭാര്യ വിളിച്ചു. 

പിറ്റേന്നു രാവിലെ എന്റെ പതിവുതെറ്റി. എനിയ്ക്കു പകരം ഇന്നില്ലാത്ത ഒരുവന്റെ അക്കൗണ്ടില്‍ ഞാന്‍ വീണ്ടും അതിക്രമിച്ചു കയറി .

ഇനിയെഴുന്നേല്‍ക്കാതെ നിവൃത്തിയില്ല. അല്ലെങ്കില്‍ വിളി വന്നു കൊണ്ടേയിരിക്കും.അലാറം പോലെ ഇടവേളകളില്‍ അത് ആവര്‍ത്തിയ്ക്കും. മേശയ്ക്കരികിലിരുന്ന് വൃത്താകാരം നഷ്ടപ്പെട്ട ചപ്പാത്തി കീറിമുറിച്ച് ചവച്ച് ഇറക്കുമ്പോഴും നെഞ്ചിലൊരു കീറിമുറിയ്ക്കല്‍ നടക്കുന്നുണ്ടായിരുന്നു. താനിട്ട പോസ്റ്റ് മറ്റൊരാളുടേതായി ലോകം വായിക്കാന്‍ പോകുന്ന പോസ്റ്റ് ആ ചിത്രത്തെ ഒന്നു മനസ്സിരുത്തി . കഴിഞ്ഞ മഴയിലെടുത്ത ഒരു ഫോട്ടോ..ഈ വീടിന്റെ വരാന്തയില്‍ നിന്നെടുത്തത്. മുറ്റത്ത് വെട്ടിനിര്‍ത്തിയ ബുഷ് ചെടിയും ഉയര്‍ന്ന മാവും അതിലുണ്ടായിരുന്നു. അളവൊപ്പിച്ച് മുറിച്ച തന്റെ കൊമ്പുകളിലെ സൗന്ദര്യമില്ലായ്മയെക്കുറിച്ച് അത് കഠിനമായി ഖേദിക്കുന്ന പോലെ തോന്നി.മാവ് ഇരുമ്പുകൊണ്ടിട്ടില്ലാത്ത ചില്ലകള്‍ മഴയില്‍ വീണുകുതിരാന്‍ വെച്ചുകൊടുത്തിരുന്നു. റോഡരികിലായതുകൊണ്ട് ഓരോ വണ്ടിയും പറപ്പിച്ച പൊടിതട്ടി നഷ്ടപ്പെട്ട പച്ച നിറം ആ മഴയില്‍ അതു വീണ്ടെടുത്തു. നേര്‍ത്ത തളിരുകള്‍   കിളിര്‍ത്തുവരാന്‍ ചില്ലയുടെയറ്റങ്ങള്‍ വെള്ളം ഈമ്പി വലിച്ചു.

ഈ ലോകമാകെ വിരിച്ചിട്ട വലയില്‍ അവന്‍ മീന്‍പിടിയ്ക്കുന്നുണ്ട്. വലയ്ക്കുള്ളിലിരുന്നവന്‍ മാടി വിളിയ്ക്കുന്നു.....

ഇതു കാണുന്നവന് ഇങ്ങനെയൊന്നു തോന്നില്ലായിരിക്കാം. കോണ്‍ക്രീറ്റ് കാടുകളില്‍ക്കിടന്ന് ബാല്‍ക്കണിയില്‍ കൈനീട്ടി മാത്രം മഴ നനഞ്ഞ അവരില്‍  ഇതെന്തുണ്ടാക്കാനാണ്? ചിലര്‍ ചികഞ്ഞെടുക്കുമായിരിക്കും ബാല്യകാലത്തെ.......

പിറ്റേന്നു രാവിലെ എന്റെ പതിവുതെറ്റി. എനിയ്ക്കു പകരം ഇന്നില്ലാത്ത ഒരുവന്റെ അക്കൗണ്ടില്‍ ഞാന്‍ വീണ്ടും അതിക്രമിച്ചു കയറി . ആവേശത്തോടെ അതിനു ചുവടെ വന്ന ലൈക്കും കമെന്റും എണ്ണി....ആത്മസംതൃപ്തിയടഞ്ഞു . കമന്റെിനൊപ്പം വന്ന ഒരു കുട്ടിയുടെ പടമുണ്ടായിരുന്നു. അതെ,ഇല്ലെങ്കിലും അവന്‍ നനയുന്നുണ്ട് നഞ്ഞു കുതിരുന്നുണ്ട്....അവനെത്തേടി വന്ന വാക്കുകളുടെ,മഴയില്‍.....

ഈ ലോകമാകെ വിരിച്ചിട്ട വലയില്‍ അവന്‍ മീന്‍പിടിയ്ക്കുന്നുണ്ട്. വലയ്ക്കുള്ളിലിരുന്നവന്‍ മാടി വിളിയ്ക്കുന്നു.......

ഇന്ന്
ഇപ്പോള്‍
ഇല്ലാത്ത കടല്‍ത്തീരത്ത്,
പെയ്യാത്ത മഴ അവന്‍ കൊള്ളുന്നുണ്ടായിരിക്കും...

Follow Us:
Download App:
  • android
  • ios