ഇരുപത്തിമൂന്ന് വേദികളിലാണ് കലയുടെ പെരുങ്കളിയാട്ടത്തിന് അരങ്ങുണരുന്നത്. ഇതില്‍ 13 വേദികള്‍ താല്‍കാലികമാണ്. പ്രധാന വേദിയായ പോലീസ് മൈതാനിയിലെ നിള ഒരുങ്ങിയിരിക്കുന്നത് 35,000 ചതുരശ്ര അടിയിലാണ്. 25,000 മെടഞ്ഞ ഓലയും 1000 കവുങ്ങും ഇതിന്‍റെ പണിക്കായി ഉപയോഗിച്ചു. ആറുതട്ടായി തിരിച്ച പന്തല്‍ കേരളീയ മാതൃകയില്‍ പൂര്‍ണ്ണമായും പ്രകൃതിദത്തമായാണ് ഒരുക്കിയിരിക്കുന്നത്. അയ്യായിരം പേര്‍ക്ക് ഒരേ സമയം ഇവിടിരുന്ന് പരിപാടി വീക്ഷിക്കാം. പന്തലില്‍ കേരളത്തിലെ ഇതുവരെയുള്ള മുഖ്യമന്ത്രിമാര്‍ സംസ്കാരിക നായകര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നിളയിലെ പ്രധാന സ്റ്റേജിന്‍റെ വ്യാപ്തി 1,200 അടിയാണ്. ഇവിടെ തന്നെ ഗ്രീന്‍ ഗ്രൂം, വിശിഷ്ടാതിഥികള്‍ക്കുള്ള റൂം എല്ലാം സഞ്ജീകരിച്ചിട്ടുണ്ട്. പ്രധാന വേദിയായ നിളയിലാണ് ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ നടക്കുക. കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളായ മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, സംഘനൃത്തം എന്നിവയും ഇവിടെ അരങ്ങേറും.
പോലീസ് മൈതാനം, കലട്രേറ്റ് മൈതാനം, ടൌണ്‍ സ്ക്വയര്‍, ജവഹര്‍ സ്റ്റേഡിയം, മുനിസിപ്പല്‍ ഹൈസ്കൂള്‍, താവക്കര യുപി സ്കൂള്‍, ടൌണ്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍, സെന്‍റ്മൈക്കിള്‍സ് തുടങ്ങിയ സ്ഥലങ്ങളിലാണ് താല്‍കാലിക പന്തല്‍. പ്രധാന വേദിയില്‍ മാധ്യമങ്ങള്‍, പോലീസ്, ആരോഗ്യം ഇങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള പന്തലും ഒരുക്കിയിട്ടുണ്ട്.
കണ്ണൂര്‍ ടൗണിലെ വിവിധ സ്കൂളുകളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പല സംഘങ്ങളും സ്വന്തമായ താമസസ്ഥലം ഏര്‍പ്പാടാക്കിയും എത്തുന്നുണ്ട്. 3,000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ജവഹര്‍ സ്റ്റേഡിയത്തിലെ ഊട്ടുപുര സ്ഥാപിച്ചിരിക്കുന്നത്.
കൃത്യമായ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചുവെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ എഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറഞ്ഞു.
