വിപിന്‍ പാണപ്പുഴ

കണ്ണൂര്‍: പെരുങ്കളിയാട്ടങ്ങളുടെ നാട്ടില്‍ കലയുടെ പെരുങ്കളിയാട്ടം അവസാനിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം ബാക്കി. സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ കണ്ണൂരില്‍. ഒരിഞ്ചു പോലും വിട്ടുകൊടുക്കാതെ ഒപ്പത്തിനൊപ്പമാണ് കോഴിക്കോടും പാലക്കാടും.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റും അവധിനല്‍കിയതോടെ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു ഇന്ന് കലോത്സവ നഗരിയില്‍ അനുഭവപ്പെട്ടത്. പ്രധാന വേദിയായ നിളയിലെ കസേരകള്‍ നിറഞ്ഞു കവിഞ്ഞു. ഒപ്പനയുടെ കാണികള്‍ തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. കാലുകുത്താനിടമില്ലാത്ത ഒപ്പന വേദിക്കു മുന്നില്‍ നിന്നാണ് പലരും മത്സരം മുഴുവനും കണ്ടത്.

ഇതുവരെ പരാതികളൊന്നും ഇല്ലാതെ ഹൈസ്കൂള്‍ നാടക മത്സരം പുരോഗമിക്കുകയാണ്. നിറഞ്ഞ സദസാണ് കുട്ടികളുടെ നടന വൈഭവത്തിന് സാക്ഷിയാകാന്‍ സെന്‍റ് മൈക്കിള്‍സിലെ വേദിക്കു മുന്നിലുള്ളത്. ഗ്ലാമര്‍ ഐറ്റമായ നാടോടി നൃത്തത്തിന് പതിവ് പോലെ നിറഞ്ഞ സദസായിരുന്നു. പരിചമുട്ട് കളി, ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ടമേളം, ഗസല്‍ , കൂടിയാട്ടം തുടങ്ങിയ ഇനനങ്ങളും കാണികള്‍ ഇരുകൈയ്യും സ്വീകരിച്ചു.

അഞ്ചാം ദിനം ആകെ നാല്‍പ്പയഞ്ച് ഇനങ്ങളാണുള്ളത്. അതിനിടെ അപ്പീലുകളുടെ എണ്ണം 1194 ആയി. 5082ലേറെ കുട്ടികളാണ് ഇതോടെ അധികമായി കലോത്സവത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.