കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കൂടിയത് മത്സരക്രമങ്ങളെ ബാധിക്കുന്നു എന്നതിനപ്പുറം വിരല്‍ചൂണ്ടുന്നത് ജില്ലതലത്തിലെ വിധിനിര്‍ണ്ണയത്തിന്‍റെ പാളിച്ചകളിലേക്കാണെന്ന് വിമര്‍ശനം. ഇതുവരെ 1217 അപ്പീലുകളും അതുവഴി 5215 കുട്ടികളുമാണ് കലോത്സവത്തിന് എത്തിയിരിക്കുന്നത് ഇതില്‍ തന്നെ 325 പേര്‍ ജില്ലാതലത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തു.

അപ്പീലിലൂടെ ഇതുവരെയുള്ള വരുമാനം 60.25 ലക്ഷം രൂപയാണ്. ഇതില്‍ 16.25 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് നല്‍കി. സംസ്ഥാന വിധിനിര്‍ണ്ണയത്തെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട് 338 പരാതികളാണ് ഇതുവരെ എത്തിയത്. അതില്‍ 120 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്. 95 എണ്ണം തള്ളിക്കളഞ്ഞു. ജില്ലതലത്തില്‍ മികച്ച വിധിനിര്‍ണ്ണയം നടത്തുക വഴി അപ്പീലുകള്‍ കുറയ്ക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം കലോത്സവം കൊടിയിറങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ആറാം ദിനം ഇന്ന് മികച്ച മത്സരങ്ങള്‍ക്ക് വേണ്ടിയാണ് വേദി ഉണരുന്നത്. കലോത്സവത്തിലെ ആളുകകളെ ആകര്‍ഷിക്കുന്ന ഇനമായ ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തം ഇന്ന് വേദി ഒന്നില്‍ നടക്കും. പരിചമുട്ട്കളി, നങ്ങ്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, വീണ,ലളിതഗാനം,നാടന്‍പാട്ട്, ദേശഭക്തിഗാനം, യക്ഷഗാനം എന്നിവ ഇന്ന് അരങ്ങേറും.

അവസാന ദിവസമായതിനാല്‍ വലിയോരു ജനഒഴുക്കാണ് സംഘാടകരും പോലീസും ഇന്ന് പ്രതീക്ഷിക്കുന്നത് അതിനാല്‍ തന്നെ പ്രത്യേക ക്രമീകരണങ്ങളും ട്രാഫിക്ക് നിയന്ത്രണങ്ങളും നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.