കണ്ണൂര്‍: അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. ആദ്യദിനത്തിലെ ഒമ്പത് മല്‍സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ 35 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. നിലവിലെ ജേതാക്കളായ കോഴിക്കോടും തിരുവനന്തപുരവും 33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ആദ്യദിനത്തിലെ മല്‍സരങ്ങള്‍ അവസാനിച്ചത് പുലര്‍ച്ചെയോടെയാണ്. വിധികര്‍ത്താക്കളെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചവിട്ടുനാടകം മല്‍സരം ഏറെ വൈകിയാണ് ആരംഭിക്കാനായത്. ഇതുകാരണമാണ് മല്‍സരം അവസാനിക്കാന്‍ വൈകിയത്.

രണ്ടാം ദിനത്തിന്റെ പ്രധാന ആകര്‍ഷണം ഹയര്‍സെക്കണ്ടറി വിഭാഗം ഒപ്പന മത്സരമാണ്. പ്രധാനവേദിയായ നിളയില് രാവിലെ കുച്ചിപ്പുടിയും ഉച്ചയ്ക്ക് ശേഷം ഒപ്പനയും നടക്കും.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കേരളനടനം വൃന്ദവാദ്യം ഓട്ടന്‍തുള്ളല്‍ ചാക്യാര്‍കൂത്ത് പ്രസംഗമത്സരം എന്നിവ നടക്കും. സംഗീതമത്സരത്തില്‍ വയലിന്‍, ശാസത്രീയസംഗീതം, പദ്യംചൊല്ലല്‍ എന്നിവയാണ് ഇന്ന് നടക്കാനുള്ള മത്സരങ്ങള്‍.