2007ല്‍ കലോത്സവത്തില്‍ വന്‍മാറ്റങ്ങള്‍ വന്നതിന് ശേഷം വേദിയായതാണ് കണ്ണൂര്‍ ജില്ല. ഒരു പതിറ്റാണ്ടിനിപ്പുറം മാറ്റങ്ങളുമായി കലോത്സവമെത്തുമ്പോൾ സംഘാടനമികവിന്‍റെ ചരിത്രം ആവർത്തിക്കേണ്ടതുണ്ട് കണ്ണൂരിന്. തിറകളുടെയും തറികളുടെയും നാട്ടില്‍ കലയുടെ പെരുങ്കളിയാട്ടം നടക്കുമ്പോള്‍ ഒരു കലോത്സവ കിരീടവും കണ്ണൂര്‍ പ്രതീക്ഷിക്കുന്നു. ഇതിന് മുന്‍പ് 2000ത്തിലാണ് കണ്ണൂര്‍ അവസാനമായി കലോത്സവ കിരീടം ചൂടിയത്.

ഏഴായിരം മത്സരാർത്ഥികളെത്തിയ യുവജനോത്സവം 2017ലേക്കെത്തുമ്പോൾ പന്ത്രണ്ടായിരം പേർ അരങ്ങിലെത്തുന്ന കലോത്സവമായി മാറി. കണ്ണൂർ മുനിസിപ്പാലിറ്റി മാറി കോർപ്പറേഷനായി. പേര് മാത്രമല്ല ചിട്ടവട്ടങ്ങളെല്ലാം മാറി കലോത്സവം വരുമ്പോൾ കാലത്തിന് ഒത്ത മാറ്റങ്ങളുമായി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍.

കലയുടെ പെരുങ്കളിയാട്ടമുളള മണ്ണിൽ കലോത്സവം ആദ്യമെത്തുന്നത് 1982ൽ. പിന്നെ 1995ൽ. ഏറ്റവുമൊടുവിൽ 2007ലും. പരാതികളധികം കേൾക്കാത്ത, ആൾക്കൂട്ടമൊഴുകിയ വേദികളാണ് കണ്ണൂരിലെ കലോത്സവ പ്രത്യേകത. അത് ഇത്തവണയും ആവര്‍ത്തിക്കും എന്നാണ് സംഘാടകരുടെയും കലാപ്രേമികളുടെയും പ്രതീക്ഷ.