പത്ത് വര്‍ഷത്തിന് ശേഷം കണ്ണൂരില്‍ എത്തിയ കേരളത്തിന്റെ കൗമാര കലാമേളയ്ക്ക് തുടക്കം കുറിച്ച് നടന്ന ഘോഷയാത്ര പ്രൗഢ ഗംഭീരം. കണ്ണൂര്‍ സെന്റ് മൈകക്കിള്‍ സ്‌കൂളില്‍ നിന്നും കലോത്സവത്തിന്റെ പ്രധാന വേദിയായ പോലീസ് മൈതാനിയിലെ നിളയിലേക്കായിരുന്നു ഘോഷയാത്ര. കണ്ണൂരിലെ വിവിധ സ്‌കൂളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ഒപ്പം തന്നെ മില്‍മ പോലുള്ള പൊതുമേഖല സ്ഥാപനങ്ങളും അണിനിരന്നു.

കലാകൗമാരത്തിന്റെ കലാമത്സരങ്ങള്‍ ചൂട് പിടിക്കും മുന്‍പ് അവരെ ഒരുമയുടെ പെരുമ മനസിലാക്കുന്നതായിരുന്നു ഘോഷയാത്രയുടെ തുടക്കം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത വേഷത്തില്‍ എത്തിയ കുട്ടികള്‍, അവിടുത്തെ സംഗീതത്തിന് അനുസരിച്ച് ചുവടുകളും വച്ചു. ലഹരി വിരുദ്ധത, പ്രകൃതി സംരക്ഷണം, വരള്‍ച്ച പ്രതിരോധം, സ്ത്രീ സുരക്ഷ ഇങ്ങനെ വിവിധ വിഷയങ്ങളില്‍ വിസ്മയിപ്പിക്കുന്ന ടാബ്ലോയ്ഡുകളും ഘോഷയാത്രയ്ക്ക് പകിട്ടേകി. ഒപ്പം സ്റ്റുഡന്‍സ് പോലീസ്, സ്‌ക്കൌട്ട് ആന്റ് ഗെയ്ഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

ട്രന്‍സ്‌ജെന്‍ഡേഴ്‌സ് കമ്യൂണിറ്റിയെ പ്രതിനിധികരിച്ചവരും ഘോഷയാത്രയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ഘോഷയാത്രയുടെ മുന്നണി പ്രധാന വേദിയില്‍ എത്തിയതോടെയാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നത്. എന്നാല്‍ അപ്പോഴും ഘോഷയാത്ര കണ്ണൂരിന്റെ വീഥികളില്‍ കൂടി കാണികളെ ആകര്‍ഷിച്ച് മുന്നേറുകയായിരുന്നു.